kozhikode local

നാദാപുരം മേഖലയില്‍ സംഘര്‍ഷം

നാദാപുരം: ഹര്‍ത്താലില്‍ നാദാപുരം മേഖലയില്‍ അങ്ങിങ്ങ് സംഘര്‍ഷം. പലയിടങ്ങളിലും രാവിലെ തന്നെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിരുന്നു. അതിരാവിലെ തന്നെ നാദാപുരത്തെയും കല്ലാച്ചിയിലെയും കടകളില്‍ ഷട്ടറിന് മുകളില്‍ ഹര്‍ത്താലാചരിക്കണമെന്ന ആഹ്വാനമടങ്ങിയ പോസ്റ്റര്‍ പതിച്ചിരുന്നു. പിന്നീട് പോലിസെത്തി ഇവ മാറ്റി. കടകള്‍ തുറക്കാന്‍ തുടങ്ങിയതോടെ കൂട്ടത്തോടെയെത്തിയ യുവാക്കള്‍ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നാദാപുരത്ത് വാഹനം തടയാനാരംഭിച്ചതോടെ പോലിസ് ഇടപെട്ടു. പലഇടത്തായി സംഘടിച്ചു നിന്നവരെ പോലിസ് വിരട്ടി ഓടിച്ചു. കടകള്‍ അടഞ്ഞു കിടന്നെങ്കിലും വാഹനങ്ങള്‍ സാധാരണ പോലെ ഓടി. നാദാപുരം ടൗണില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി സമരക്കാര്‍ നിലയുറപ്പിച്ചു.
കടകളില്‍ കയറിയ സംഘം വ്യാപാരികളെ മര്‍ദിച്ചു.വ്യാപാരികളായ കുണ്ടിലോ ട്ടുമ്മല്‍ ബിനു, ചാമപ്പറമ്പത്ത് ദാസന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി കടകളടപ്പിക്കാന്‍ വന്നവരെ ഒഴിവാക്കി. ഇതിനിടയില്‍ അക്രമ സംഘമെത്തിയ കാറിന്റെ ഗ്ലാസ് കല്ലേറിയില്‍ തകര്‍ന്നു. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഉച്ചയോടെ പുറമേരി ടൗണില്‍ ആസിഫയ്ക്ക് നീതി ലഭ്യമാക്കമമെന്ന പോസ്റ്റര്‍ പതിക്കുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.സംഘര്‍ഷത്തിനിടെ പോലിസ് കസ്റ്റഡിയിലെടുത്ത രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് വാഹനം തടഞ്ഞു. മുക്കാല്‍ മണിക്കൂറോളം ഉപരോധം തുടര്‍ന്നു. പിന്നീട് സിഐ രാജേഷ് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധം നിര്‍ത്തി.കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെത്തിച്ച് വിട്ടയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it