നട്ടെല്ലൊടിഞ്ഞു കിടപ്പിലായ യുവാവിന് നഷ്ടപരിഹാരമില്ല

കൊച്ചി: തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്നു ബൈക്കില്‍ നിന്നു വീണു നട്ടെല്ലൊടിഞ്ഞു കിടപ്പിലായ യുവാവിന്റെ കുടുംബത്തോട് സര്‍ക്കാരും മാള ഗ്രാമപ്പഞ്ചായത്തും ക്രൂരത കാട്ടുന്നതായി പരാതി. സുപ്രിംകോടതി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാതെയാണു യുവാവിന്റെ നിര്‍ധന കുടുംബത്തെ ബുദ്ധിമുട്ടിക്കുന്നത്. മാള ഗ്രാമപ്പഞ്ചായത്തിലെ കല്ലേറ്റുംകര സ്വദേശി പി എസ് ബിജു (42)വിന് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 18.74 ലക്ഷം രൂപ ആരു നല്‍കുമെന്നതു സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമായത്. ഇതു സംബന്ധിച്ച കേസ് നടത്തിപ്പിനായി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ലക്ഷങ്ങള്‍ ചെലവിടുമ്പോഴും ജീവിതം ചോദ്യചിഹ്നമായ ബിജുവിന്റെ കുടുംബത്തിന് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
2016 ജൂണിലാണു തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ബിജു കിടപ്പിലായത്. ചികില്‍സയ്ക്കായി ഇതിനകം 20 ലക്ഷത്തിലധികം രൂപ ചെലവാക്കി. വാച്ച് റിപയറിങിലൂടെ ലഭിക്കുന്ന പണമായിരുന്നു ബിജുവിന്റെ കുടുംബത്തിന്റെ ഏക വരുമാനം. നാട്ടുകാര്‍ സഹായിച്ചെങ്കിലും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതോടെ ആളുകള്‍ സഹായം നല്‍കുന്നതു നിര്‍ത്തി. ഇതേത്തുടര്‍ന്നു ബിജുവിന്റെ ചികില്‍സ മുടങ്ങി. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ മൂന്നാം റിപോര്‍ട്ടിലുള്‍പ്പെട്ടവര്‍ക്ക് 2017 മെയ് 31നകം തദ്ദേശഭരണ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്നു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ബിജുവിനു നഷ്ടപരിഹാരം നല്‍കേണ്ട മാള ഗ്രാമപ്പഞ്ചായത്ത് ഈ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങുകയായിരുന്നു.
എന്നാല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയര്‍മാനായ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ബിജുവിനു വേണ്ടി ഹൈക്കോടതിയെ സമീപിച്ചു. ഒരു മാസത്തിനകം നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം നല്‍കാന്‍ കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക നല്‍കേണ്ടത് അതതു തദ്ദേശസ്വയംഭരണ സ്ഥാപനമാണെന്ന് വാദിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍, ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളി. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ വിധി പ്രകാരം മാര്‍ച്ച് എട്ടിനു മുമ്പ് സര്‍ക്കാര്‍ ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസില്‍ നല്‍കിയ കാലാവധി മാര്‍ച്ച് 13ന് അവസാനിച്ചിട്ടും പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മാത്രമല്ല അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്നു വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് സെക്രട്ടറിമാരായ ഡോ. ജോര്‍ജ് സ്ലീബ, ഷമീം റഫീക്ക്, ബിജുവിന്റെ അമ്മ ശാരദ, ഭാര്യ രജനി, മക്കളായ ആദിത്യ, അനുശ്രീ പങ്കെടുത്തു.
Next Story

RELATED STORIES

Share it