World

നജീബ് റസാഖിന് വിദേശയാത്രാ വിലക്ക്

ക്വാലാലംപൂര്‍: മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് യുഎന്‍എംഒ പാര്‍ട്ടി നേതൃസ്ഥാനവും ബാരിസന്‍ നാഷനല്‍ (ബിഎന്‍) സഖ്യത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചു. ബുധനാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള ബിഎന്‍ സഖ്യം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രാജി. സംഭവിച്ച കാര്യങ്ങളില്‍ ദുഃഖമുണ്ട്, പക്ഷേ, ജനവിധിയെ മാനിക്കുന്നതായി നജീബ് റസാഖ് പറഞ്ഞു. മുന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി യുനൈറ്റഡ് മലായ് നാഷനല്‍ ഓര്‍ഗനൈസേഷന്‍ (യുഎന്‍എംഒ) പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി സ്ഥാനമേല്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ നജീബ് റസാഖിനെതിരേ ഇമിഗ്രേഷന്‍ വകുപ്പ് വിദേശ യാത്രാവിലക്ക് പുറപ്പെടുവിച്ചിരുന്നു. ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കു കുടുംബസമേതം പോവാന്‍ നജീബ് തയ്യാറെടുക്കവെയാണ് രാജ്യത്തിനു പുറത്തേക്കു കടക്കുന്നതു വിലക്കിക്കൊണ്ടുള്ള ഉത്തരവ്. തുടര്‍ന്ന് നജീബ് യാത്രയില്‍ നിന്നു പിന്മാറി. താനും കുടുംബവും മലേസ്യയില്‍ തുടരുമെന്ന് നജീബ് അറിയിച്ചു. ഇമിഗ്രേഷന്‍ വകുപ്പിന്റെ ഉത്തരവിനെ ബഹുമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
നജീബ് റസാഖിനെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സര്‍ക്കാരുമായി ബന്ധമുള്ള മലേസ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് (1എംഡിബി) എന്ന സ്ഥാപനത്തിലെ 450 കോടി ഡോളറിന്റെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2015ലാണ് അഴിമതി നടന്നത്. എന്നാല്‍, 2016ല്‍ അറ്റോര്‍ണി ജനറല്‍ കേസില്‍ നിന്ന് നജീബിനെ ഒഴിവാക്കിയിരുന്നു. റസാഖിന് ലഭിച്ച പണം സൗദി രാജകുടുംബത്തിന്റെ സംഭാവനയാണെന്നും അതില്‍ ഭൂരിഭാഗവും തിരിച്ചുനല്‍കിയെന്നുമാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. കേസില്‍ നജീബിന് ക്ലീന്‍ ചിറ്റ് നല്‍കിയ അറ്റോര്‍ണി ജനറലിനെ മഹാതീര്‍ സര്‍ക്കാര്‍ പുറത്താക്കി. നജീബ് റസാഖിനെ വേട്ടയാടുകയല്ലെന്നും അഴിമതിക്കേസില്‍ അദ്ദേഹം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മലേസ്യന്‍ പ്രധാനമന്ത്രി പ്രതികരിച്ചു.
Next Story

RELATED STORIES

Share it