Kottayam Local

നഗരവീഥിയ്ക്കു ചാരുത പകര്‍ന്ന് വൈക്കം ടൂറിസം ഫെസ്റ്റ്‌

 

വൈക്കം: നഗരവീഥിയ്ക്കു ചാരുത പകര്‍ന്ന വൈക്കം ടൂറിസം ഫെസ്റ്റിന്റെ രണ്ടാം ദിവസം നാടിന് ഉല്‍സവമായി. നൂറുകണക്കിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള ടൂറിസം ഫെസ്റ്റിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്. ദേവസ്വം ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ കേരളീയ വേഷമണിഞ്ഞാണു കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നത്. നാടന്‍ കലാരൂപങ്ങളും മുത്തുക്കുടകളും വിവിധതരം വാദ്യമേളങ്ങളും സാംസ്‌കാരിക ഘോഷയാത്രക്ക് പകിട്ടേകി. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, ബിജു കണ്ണേഴത്ത്, ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍ ആര്‍ സന്തോഷ്  നേതൃത്വം നല്‍കി. തുടര്‍ന്ന് സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന സമ്മേളനം സി കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പിന്നണി ഗായകരായ വൈക്കം വിജയലക്ഷ്മി, ദേവാനന്ദ് എന്നിവര്‍ മുഖ്യാതിഥികളായിരിന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി സുഗതന്‍, അഡ്വ. കെ കെ രഞ്ജിത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ഹരിക്കുട്ടന്‍, കെ ആര്‍ ചിത്രലേഖ, സാബു പി മണലൊടി, ടി അനില്‍കുമാര്‍, പി ശകുന്തള, ലിജി സലഞ്ജ്‌രാജ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ രൂപേഷ്‌കുമാര്‍, കണ്‍വീനര്‍ അഡ്വ. അംബരീഷ് ജി വാസു  സംസാരിച്ചു.തുടര്‍ന്ന് സത്യഗ്രഹ സ്മാരകത്തിലെ നെലിലമരച്ചുവട്ടില്‍ പ്രശസ്ത തബല വാദക വൈക്കം രത്‌നശ്രീ കര്‍ണാടിക് ഹിന്ദുസ്ഥാനി ഫ്യൂഷന്‍ അവതരിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വൈക്കം ടൂറിസത്തെക്കുറിച്ചു നടക്കുന്ന സെമിനാര്‍ എംജി യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. സത്യഗ്രഹ സ്മാരകഹാളില്‍ നടക്കുന്ന സെമിനാറില്‍ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ വിഷയാവതരണം നടത്തും.ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത്ത് ശശിധരന്‍ മോഡറേറ്റര്‍ ആയിരിക്കും. വൈകീട്ട് ആറിന് നെല്ലിമരച്ചുവട്ടില്‍ നടക്കുന്ന കലാസന്ധ്യയില്‍ ആലപ്പുഴ ഇപ്റ്റ കേരളോല്‍സവവും നാട്ടുപാട്ടരങ്ങും അവതരിപ്പിക്കും.
Next Story

RELATED STORIES

Share it