kozhikode local

ധനകാര്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു: റോഡ് ആക്ഷന്‍ കമ്മിറ്റി

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനകാര്യത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പ്രസ്താവിച്ചത് വസ്തുതകള്‍ വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനാണെന്ന്്് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എ പ്രദീപ് കുമാര്‍ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ഡോ.  എം ജി എസ് നാരായണന്റെ നേതിത്വത്തിലുള്ള ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ കണ്ടിരുന്നു.
റോഡ് കാര്യത്തില്‍ മുന്‍സര്‍ക്കാര്‍ ചെയ്തതിന് ഫുള്‍ സ്റ്റോപ്പിടാന്‍ അന്ന് നിര്‍ദ്ദേശിക്കുകയും തുടര്‍ന്നു വേണ്ട മൊത്തം സംഖ്യക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ എംഎല്‍എയെ ചുമതലപ്പെടുത്തുകയുമാണുണ്ടായത്. കൂടാതെ മേലില്‍ കാത്തിരിപ്പിന്റെയോ സമരത്തിന്റെയോ ആവശ്യമില്ലെന്നും തുക മുഴുവന്‍ കിഫ്ബിയിലുള്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരം 245 കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി എഎല്‍എ പ്രസ്താവിച്ചിരുന്നുവെങ്കിലും കിഫ്ബിയില്‍ റോഡ് ഉള്‍പ്പെടുത്താതെ പോയപ്പോള്‍ 2017 മാര്‍ച്ച് 31 നകം അക്വസിഷന് വേണ്ട മുഴുവന്‍ തുകയും നല്‍കാന്‍ മന്ത്രി സമ്മതിച്ചുവെന്ന് ഭൂവുടമകളുടെ യോഗത്തില്‍ പറഞ്ഞത് എംഎല്‍എ തന്നെയാണ്.
ഫണ്ട് ലഭിക്കാതെ വന്നപ്പോള്‍ ആക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ച റോഡ് ഉപരോധത്തെ തുടര്‍ന്ന് 2017 മെയ് മാസത്തില്‍ സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയതായും  മാസാന്തം 50 കോടി രൂപ വീതം നവംബറിന് മുമ്പ് മുഴുവന്‍ തുകയും നല്‍കി പൂര്‍ത്തീകരിക്കുമെന്നും എംഎല്‍എ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് സമരം നിര്‍ത്തിവെച്ചത്. പക്ഷെ അനുവദിച്ച 50 കോടി തന്നെ നാല് മാസം കഴിഞ്ഞ് സപ്തംബറിലാണ് ലഭിച്ചത്. പ്രസ്തുത സംഖ്യ വിതരണം ചെയ്തതിനുശേഷം രേഖകള്‍ നല്‍കി കത്തിരിക്കുന്ന ഭൂവുടമകള്‍ക്ക് നല്‍കാന്‍ 100 കോടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാറിന് എഴുതിയത് ഈ സാമ്പത്തിക വര്‍ഷമാണ്.
റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 100 കോടി രൂപ വേണ്ടിവരുന്നതില്‍ 50 കോടി നേരത്തെ കൈമാറിയെന്നും ഭരണാനുമതി ലഭിച്ചാല്‍ ബാക്കി 50 കോടി ഈ സാമ്പത്തിക വര്‍ഷം തന്നെ നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മുന്‍ സര്‍ക്കാര്‍ നല്‍കിയ 64 കോടിയും ഈ സര്‍ക്കാറിന്റെ 50 കോടിയും അടക്കം 114 കോടിയാണ് ഇതുവരെ ലഭിച്ചത്. രേഖകള്‍ സമര്‍പ്പിച്ച് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്‍കാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതു പ്രകാരം 112 കോടി രൂപ അനുവദിക്കുകയും സമ്മതപത്രം നല്‍കാത്തവരുടെ ഭൂമി എല്‍എ നിയമപ്രകാരം ഏറ്റെടുക്കുകയും ചെയ്താല്‍ മാത്രമേ അക്വസിഷന്‍ പൂര്‍ത്തീകരിക്കുകയുള്ളുവെന്നതാണ് വാസ്തവം.
റോഡ് വിഷയത്തിലുള്ള മന്ത്രിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മാനാഞ്ചിറ- വെള്ളിമാട്കുന്ന റോഡ് ആക്ഷന്‍ കമ്മറ്റി പ്രസിഡന്റ്് ഡോ. എം ജി എസ്്് നാരായണന്‍, ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍, വര്‍ക്കിംഗ്്്് പ്രസിഡന്റ്്് അഡ്വ. മാത്യു കട്ടിക്കാന എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it