Flash News

ദെഷാംപ്‌സ് ചിരിച്ച, സൂക്കര്‍ കരഞ്ഞ 1998

20 വര്‍ഷം മുമ്പേറ്റ ഒരു മുറിവില്‍ മരുന്നുവച്ചാണ് ക്രൊയേഷ്യ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. 98ലെ സെമി ഫൈനലില്‍ അവരുടെ വിജയാഹ്ലാദത്തിനു മങ്ങലേല്‍പ്പിച്ച ദിദിയര്‍ ദെഷാംപ്‌സെന്ന ഫ്രഞ്ച് ക്യാപ്റ്റന്‍ ഇന്ന് വീണ്ടും തങ്ങളുടെ വേള്‍ഡ് കപ്പെന്ന മോഹത്തിന് ഭംഗമേല്‍പ്പിക്കുമോ എന്നതാണ് അവരെ അലട്ടുന്നത്.
ഫ്രഞ്ച് പടയുടെ കോച്ച് സാക്ഷാല്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ചുണ്ടിനും കപ്പിനുമിടയില്‍ നിന്നു ക്രൊയേഷ്യയുടെ വേള്‍ഡ് കപ്പ് മോഹത്തെ 98ല്‍ സെമിയില്‍ ഫ്രാന്‍സ് തകര്‍ത്തത്. അന്ന് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സെന്റ് ഡെന്നീസ് സ്റ്റേഡിയം വിട്ട ക്രൊയേഷ്യയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡേവര്‍ സൂക്കര്‍ (ഇന്നദ്ദേഹം ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ്) ഒരു മധുരപ്രതികാരത്തിനു വേണ്ടി ഇന്ന് ഫൈനല്‍ നടക്കുന്ന ലൂഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇരിപ്പുണ്ടാവും.
98ലെ ചരിത്രം ഇങ്ങനെ... യുഗോസ്ലോവ്യയുടെ ഭാഗമായിരുന്ന ക്രൊയേഷ്യക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുന്നത് 1991ലാണ്. ഏഴു വര്‍ഷത്തിനുള്ളില്‍ തന്നെ ഫ്രാന്‍സില്‍ വച്ചു നടന്ന 1998 ലോകകപ്പില്‍ കളിമികവില്‍ യോഗ്യത നേടുകയും ചെയ്തു. അര്‍ജന്റീന, ജപ്പാന്‍, ജമൈക്ക എന്നിവരടങ്ങിയ ഗ്രൂപ്പ് എച്ചില്‍ നിന്ന് അര്‍ജന്റീനയ്ക്കു പിറകില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ റുമാനിയയെ 1-0ന് ആദ്യപകുതിയുടെ എക്‌സ്ട്ര സമയത്ത് ലഭിച്ച പെനല്‍റ്റി കിക്കിലൂടെ തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക്. ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ജര്‍മനിയെ 3-0ന് തകര്‍ത്ത് തരിപ്പണമാക്കി സെമിയിലേക്ക് ടിക്കറ്റുറപ്പിച്ച് നവാഗതരായ ക്രൊയേഷ്യ ലോകകപ്പിലെ കറുത്ത കുതിരകളായി. സെമിയില്‍ ആതിഥേയരായ ഫ്രാന്‍സായിരുന്നു എതിരാളികള്‍. തോല്‍വിയറിയാതെ സെമി വരെ കുതിച്ചെത്തിയ ഫ്രാന്‍സിനു മുന്നില്‍ അന്ന് ക്രൊയേഷ്യക്ക് മുട്ടുമടക്കേണ്ടി വന്നു.
20 വര്‍ഷം മുമ്പ് ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ത്ത ഫ്രാന്‍സിനോട് പകരം വീട്ടാനുള്ള സുവര്‍ണാവസരമാണ് ക്രൊയേഷ്യക്കിന്ന്.
Next Story

RELATED STORIES

Share it