Cricket

ദക്ഷിണാഫ്രിക്ക കുതിക്കുന്നു; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പോരാട്ടം മുറുകുന്നു

ദക്ഷിണാഫ്രിക്ക കുതിക്കുന്നു; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പോരാട്ടം മുറുകുന്നു
X


സെഞ്ച്വൂറിയന്‍: ഇന്ത്യയുടെ വീര നാകന്‍ വിരാട് കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ട മികവില്‍ ഇന്ത്യക്ക് മാന്യമായ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ദക്ഷിണാഫ്രിക്കയുടെ 335 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ കോഹ്‌ലിയുടെ (153) സെഞ്ച്വറിക്കരുത്തില്‍ 307 റണ്‍സാണ് അടിച്ചെടുത്തത്.  ആദ്യ ഇന്നിങ്‌സില്‍ നേടിയ 28 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 29 ഓവറില്‍ രണ്ട് വിക്കറ്റിന് 90 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് കൈയിലിരിക്കെ 118 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. വെളിച്ചക്കുറവ് മൂലം മൂന്നാം ദിനം നേരത്തെ കളി നിര്‍ത്തുമ്പോള്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പം (50) ഡീന്‍ എല്‍ഗറാണ് (36) ക്രീസിലുള്ളത്.
മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 183 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ ഹര്‍ദിക് പാണ്ഡ്യയെ (15) നഷ്ടമായി. അനാവശ്യ റണ്ണിന് ശ്രമിച്ച പാണ്ഡ്യ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പിന്നീടെത്തിയ രവിചന്ദ്ര അശ്വിന്‍ (38) കോഹ് ലിക്ക് മികച്ച പിന്തുണയേകിയതോടെ ഇന്ത്യന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ചു. കഗിസോ റബാദയെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ച അശ്വിന്‍ കരുത്തുകാട്ടിയപ്പോള്‍ ഒരു ഘട്ടത്തില്‍ ലീഡ് നേട്ടം വരെ സ്വപ്‌നം കണ്ടു. ഏഴാം വിക്കറ്റില്‍ ഇരുവരുടേയും കൂട്ടുകെട്ട് 71 റണ്‍സിലെത്തിയപ്പോഴേക്കും അശ്വിനെ ഫിലാണ്ടര്‍ മടക്കി. പിന്നീടെത്തിയ മുഹമ്മദ് ഷമിയും (1) നേരിയ ചെറുത്ത് നില്‍പ്പിന് ശേഷം ഇശാന്ത് ശര്‍മയും (3) മടങ്ങി. അവസാന വിക്കറ്റില്‍ ജസ്പ്രീതം ബൂംറയെ (0*) കൂട്ടുപിടിച്ച് അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച കോഹ്‌ലി മോണി മോര്‍ക്കലിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 307 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 217 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോണി മോര്‍ക്കല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കേശവ് മഹാരാജ്, വെര്‍ണോന്‍ ഫിലാണ്ടര്‍, കഗിസോ റബാദ,ലൂംഗി എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ലീഡിന്റെ ആധിപത്യത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ തന്നെ പ്രഹരമേറ്റു. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മാര്‍ക്കറമിനെ (1) ബൂംറ എല്‍ബിയില്‍ കുരുക്കി. അധികം വൈകാതെ ഹാഷിം അംലയും (1) ബൂംറയ്ക്ക് മുന്നില്‍ എല്‍ബിയില്‍ കുരുങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ബോര്‍ഡ് 5.3 ഓവറില്‍ മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ഡിവില്ലിയേഴ്‌സ് - എല്‍ഗര്‍ സഖ്യം മികച്ച കൂട്ടുകെട്ടോടെ ദക്ഷിണാഫ്രിക്കയെ രക്ഷിക്കുകയായിരുന്നു. ഇരുവരും 87 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഇതിനിടയില്‍ ബൂംറയുടെ പന്തില്‍ എല്‍ഗറെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാര്‍ഥിവ് പട്ടേല്‍ പാഴാക്കി. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
Next Story

RELATED STORIES

Share it