തൊഴില്‍ജന്യരോഗങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: പരമ്പരാഗത മേഖലകള്‍ ഉള്‍പ്പെടെ വ്യവസായരംഗത്തെ തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്നതിന് ശക്തമായ ഇടപെടല്‍ നടത്താന്‍ തൊഴിലും നൈപുണിയും മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. തൊഴില്‍ജന്യരോഗങ്ങള്‍ തടഞ്ഞ് ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ്, ഇഎസ്‌ഐ അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ തൊഴില്‍മേഖലകളിലെ നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് പഠനം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണം. കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പിനു കീഴിലുള്ള ആരോഗ്യവിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. കൊല്ലം ആശ്രാമത്തെ ഒക്യുപേഷനല്‍ ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വിവിധ തൊഴില്‍മേഖലകളില്‍ തൊഴില്‍ജന്യരോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പദ്ധതി ഏകോപിപ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇഎസ്‌ഐ ഡയറക്ടര്‍ ഡോ. അജിത എസ് നായര്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി പ്രമോദ്, ഫാക്ടറീസ് ആ ന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ആരോഗ്യവിഭാഗം ജോ. ഡയറക്ടര്‍ ഡോ. റൂബിന്‍ സി സിറിള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. പഠനത്തിനും തൊഴില്‍ജന്യരോഗങ്ങള്‍ തടയുന്നതിനും ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ സഹായവും തേടും. കശുവണ്ടി, കയര്‍ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പഠനം നടത്തുക. തുടര്‍ന്ന് ടെക്‌സ്‌റ്റൈല്‍സ്, ക്രഷര്‍, സിമന്റ് അധിഷ്ഠിത വ്യവസായങ്ങള്‍, തടിമില്‍, പാക്കേജിങ്, ഫിഷറീസ് മേഖലകളിലും പഠനം നടത്തും. പഠനത്തിന് കമ്മ്യൂണിറ്റി മെഡിസില്‍ വിഭാഗത്തിന്റെ സഹായവും തേടും.
Next Story

RELATED STORIES

Share it