Editorial

തീന്‍മേശകളില്‍ വിഷം നിറയുമ്പോള്‍

മാരകമായ വിഷപദാര്‍ഥങ്ങള്‍ ചേര്‍ത്ത മല്‍സ്യം കേരളത്തിലെ വില്‍പനകേന്ദ്രങ്ങളിലേക്ക് ഒഴുകുന്നതായ വാര്‍ത്തകള്‍ വലിയ ഉല്‍ക്കണ്ഠയോടെയാണ് ജനങ്ങള്‍ ശ്രവിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ 27,600 കിലോഗ്രാം മല്‍സ്യമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനത്തെ വിവിധ ചെക്‌പോസ്റ്റുകളില്‍ നിന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് എന്നറിയുമ്പോള്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടും.
പക്ഷേ, നടപടികള്‍ തുടരുമ്പോഴും കേരളത്തിലേക്കുള്ള വിഷമല്‍സ്യങ്ങളുടെ ഒഴുക്കിന് കുറവില്ല എന്നാണ് അധികൃതര്‍ തന്നെ നല്‍കുന്ന സൂചനകള്‍. നമ്മുടെ രാജ്യത്തു നിയമത്തിന്റെ വഴികളേക്കാള്‍ വിപുലവും സരളവുമാണ് നിയമം മറികടക്കാനുള്ള വഴികള്‍ എന്നതിനാല്‍ അത് അങ്ങനെയാവാനേ തരമുള്ളൂ. ചെക്‌പോസ്റ്റുകള്‍ മറികടന്ന് മറ്റു വഴികളിലൂടെ മല്‍സ്യം യഥേഷ്ടം മാര്‍ക്കറ്റുകളില്‍ എത്തിച്ചേരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. ഇതു തടയാനുള്ള ആസൂത്രിത നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സജീവമാക്കിയില്ലെങ്കില്‍ ചെക്‌പോസ്റ്റുകളിലൂടെ ആടിനെ കടത്തുന്നവര്‍ മറ്റു വഴികളിലൂടെ ആനയെ കടത്തുമെന്ന് നാട്ടിലെ നടപ്പുശീലങ്ങള്‍ അറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
ട്രോളിങ് നിരോധനം മുതലെടുത്താണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നു കൂടിയ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മല്‍സ്യം കേരളത്തിലെ വിപണന കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ട്രോളിങ് നിരോധനം മുന്‍കൂട്ടി അറിയാവുന്നതിനാല്‍ നേരത്തേ തന്നെ വന്‍തോതില്‍ മല്‍സ്യങ്ങള്‍ കേരളത്തിലെത്തിച്ചു സൂക്ഷിച്ചിരിക്കാന്‍ ഇടയുണ്ടെന്നാണ് പറയപ്പെടുന്നത്. ദീര്‍ഘകാലം കടലില്‍ മല്‍സ്യബന്ധനം നടത്തുന്നവരും മല്‍സ്യം കേടുവരാതിരിക്കാന്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്. ട്രോളിങ് നിരോധനത്തിന്റെ പേരിലുള്ള വിലവര്‍ധന ഉണ്ടായപ്പോഴും കമ്പോളത്തില്‍ മല്‍സ്യം സുലഭമാണെന്നത് ഈ സാധ്യതയിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്. മീഞ്ചന്തകള്‍ കേന്ദ്രീകരിച്ചു പരിശോധന വ്യാപിപ്പിച്ചാല്‍ മാത്രമേ വില്‍പനയ്ക്ക് എത്തിയ മല്‍സ്യങ്ങള്‍ ഉപയോഗയോഗ്യമാണോ എന്നറിയാന്‍ കഴിയൂ.
എന്നാല്‍, മല്‍സ്യം മാത്രമല്ല കേരളത്തിലേക്ക് വിഷം പുരട്ടി വില്‍പനയ്‌ക്കെത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ അപകടകരമാംവിധം വിഷാംശങ്ങള്‍ അടങ്ങിയതാണെന്ന പരാതികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തിലേക്ക് വില്‍പനയ്ക്കയക്കുന്ന പച്ചക്കറികള്‍ അത് ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ സ്വന്തം ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കാറില്ലെന്നു പറയാറുണ്ട്. അവയില്‍ അടങ്ങിയതെന്ത് എന്ന് അറിയുന്നതുകൊണ്ടാവാം അത്. ഈ വിഷയങ്ങളിലൊക്കെയുള്ള ഭരണകൂട നടപടികള്‍ പരിശോധിച്ചാല്‍ നമ്മുടെ രാജ്യത്തെ നിയമനിര്‍വഹണം എത്രമാത്രം ദുര്‍ബലമാണെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും.
പൗരബോധത്തില്‍ ലോകത്ത് ഏറ്റവും അടിയില്‍ നില്‍ക്കുന്ന ഒരു ജനതയാവും നമ്മുടേത്. പണവും സ്വാധീനവുമുണ്ടെങ്കില്‍ ഏതു നിയമത്തെയും മറികടക്കാമെന്ന ആത്മവിശ്വാസമുള്ള ജനതയും നാം തന്നെയാകും.
Next Story

RELATED STORIES

Share it