malappuram local

തിരുനാവായ ക്ഷേത്രവും പൊന്നാനി പള്ളിയും ടൂറിസം കേന്ദ്രമാക്കും

പൊന്നാനി: തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി ജില്ലയിലെ പൊന്നാനി വലിയ പള്ളിയെയും തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തെയും ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 9.03 കോടി രൂപ അനുവദിച്ചു. തീര്‍ത്ഥാടന ടൂറിസത്തിന്റെ മൂന്നാം ക്ലസ്റ്ററില്‍ ഉള്‍പെടുത്തിയാണ് 9.03 കോടി രൂപ അനുവദിച്ചത്. പൊന്നാനി വലിയ പള്ളിയെ ടൂറിസ്റ്റ് കേന്ദ്രമാക്കി സംരക്ഷിക്കണമെന്ന നാളുകളായുള്ള ആവശ്യമാണ് ഇതാടെ യാഥാര്‍ഥ്യമാവുന്നത്. 1500 കളില്‍ നിര്‍മിച്ച പള്ളിയാണ് പൊന്നാനി വലിയ പള്ളി.
കേവലം വിനോദസഞ്ചാര ടൂറിസത്തിലുപരി ചരിത്ര ശേഷിപ്പുകളുടെ പ്രധാന ഇടമെന്ന നിലയിലാണ് പൊന്നാനിയുടെ പൈതൃക ടൂറിസത്തിന്റെ പ്രസക്തിയേറുന്നതെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതി പ്രാചീനകാലം മുതല്‍ വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്ന പൊന്നാനിയുടെ തുറമുഖ ചരിത്രത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനാവശ്യമായ ചരിത്ര രേഖകളുള്‍പെടെയുള്ളവയുടെ ശേഖരവും, മലയാള ഭാഷയുടെ പിറവിക്കു മുമ്പുതന്നെ അറബിയിലുള്ള നിരവധി സാഹിത്യ കൃതികളുടെ രചയിതാവായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ചരിത്ര മ്യൂസിയവും, പൊന്നാനി കേന്ദ്രീകരിച്ച് സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കൂടാതെ സാമൂതിരിയുടെ രണ്ടാം സ്ഥാനം, നേവി ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കുഞ്ഞാലി മരക്കാര്‍ ഒന്നാമന്റെ തട്ടകം, ഇന്ത്യയില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്‍കിയ ദേശം, മതമൈത്രിയും, ജീവിത ലക്ഷ്യമാക്കിയ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്ക് ജന്മം നല്‍കിയ ഇടം, വൈദേശിക പോരാട്ടത്തിന് ആഹ്വാനം ചെയ്ത കൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പ്രവര്‍ത്തന മണ്ഡലം, ലോകത്തിനുതന്നെ സാഹിത്യ വെളിച്ചം വീശിയ പൊന്നാനി കളരിയുടെ ജന്മദേശം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങള്‍ക്കര്‍ഹമായ പൊന്നാനിക്ക് ലോക പൈതൃക ടൂറിസത്തിന്റെ വിഭിന്ന സാധ്യതകളാണുള്ളത്. കൂടാതെ പഴയകാല വാസ്തുശില്‍പ മാതൃകകള്‍ ഒട്ടനവധിയുള്ള പൊന്നാനി ടൗണ്‍ മേഖലയെ പൈതൃകനഗരമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വാക്കില്‍ മാത്രമായി ഒതുങ്ങി.
പൗരാണിക നഗരമായ പൊന്നാനിയെ തീര്‍ത്ഥാടന ടൂറിസത്തിനൊപ്പം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ പദ്ധതികള്‍ക്കും രൂപം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി പൊന്നാനി, തിരുനാവായ ഉള്‍പെടെ സംസ്ഥാനത്തെ 147 തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക.
ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്റെ വികസനത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക. ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ജില്ലകളിലെ പ്രധാനപ്പെട്ട ഹിന്ദു, ക്രിസ്ത്യന്‍, മുസ്്‌ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. കമ്മ്യൂണിറ്റി ഹാളുകള്‍, അന്നദാന മണ്ഡപങ്ങള്‍, ശുചിമുറികള്‍, വിശ്രമമുറികള്‍, ഭക്ഷണശാലകള്‍ തുടങ്ങി തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുക.
പൊന്നാനി വലിയ പള്ളിക്ക് പുറമെ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കാസര്‍കോട് അനന്തപത്മനാഭസ്വാമി ക്ഷേത്രം, കല്‍പാത്തി ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം, പട്ടാമ്പി തളി ശിവക്ഷേത്രം, തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍, എരുമേലി അയ്യപ്പ സേവാസംഘം, കാഞ്ഞിരപ്പള്ളി ൈനനാര്‍ പള്ളി, ചമ്പക്കുളം സെന്റ് മേരീസ് ചര്‍ച്ച്, തിരുവല്ല മാര്‍ത്തോമാ ചര്‍ച്ച്, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളാണ് പദ്ധതിയിലുള്‍പെട്ടത്.

Next Story

RELATED STORIES

Share it