താന്‍ നിരപരാധി; കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമെന്നു ഫ്രാങ്കോ

കൊച്ചി: താന്‍ നിരപരാധിയാണെന്നും കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇപ്പോഴുണ്ടായിരിക്കുന്ന കേസെന്നും അന്വേഷണ സംഘം മുമ്പാകെ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചതായി വിവരം.
തൃപ്പൂണിത്തുറയിലെ ഹൈടെക്ക് സെല്‍ ഓഫിസില്‍ ഇന്നലെ നടന്ന ഏഴു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലായിരുന്നു ബിഷപ് തന്റെ പഴയ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്. കന്യാസ്ത്രീയെ താന്‍ ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും ബിഷപ് അന്വേഷണ സംഘം മുമ്പാകെ മൊഴിനല്‍കിയതായാണ് അറിയുന്നത്. കുറവിലങ്ങാട് മഠത്തില്‍ താന്‍ ആകെ പോയിട്ടുള്ളത് എട്ടോ, ഒമ്പതോ തവണ മാത്രമാണെന്നും 13 തവണയൊന്നും താന്‍ അവിടെ പോയിട്ടില്ലെന്നും ബിഷപ് മൊഴിനല്‍കി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്ന ദിവസം താന്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നും ബിഷപ് പറഞ്ഞു. എന്നാല്‍ ബിഷപ്പിന്റെ വാദം തെറ്റാണെന്ന വിധത്തിലുള്ള മൊഴികള്‍ അന്വേഷണ സംഘം ബിഷപ്പിന്റെ മുന്നില്‍ നിരത്തിയെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്ററും അന്വേഷണ സംഘം ചോദ്യംചെയ്യലിനിെട ബിഷപ്പിനെ കാണിച്ചു വ്യക്തത വരുത്തിയതായും സൂചനയുണ്ട്. പോലിസിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കാതെ തന്റെ വാദഗതി നിരത്തുന്ന സമീപനം ബിഷപ് സ്വീകരിച്ചതോടെ നടപടിക്രമം കാമറയില്‍ പകര്‍ത്തുന്നതിനാല്‍ ചോദ്യത്തിന് അനുസരിച്ചുള്ള മറുപടി മാത്രം മതിയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം ബിഷപ്പിനോട് പറഞ്ഞതായും വിവരമുണ്ട്. അതിനിടെ ഇന്നലെ നടന്ന ചോദ്യംചെയ്യലിനിടെ തന്റെ നിലപാട് ശരിയെന്നു സ്ഥാപിക്കുന്നതിനായി മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളടക്കമുള്ള ഏതാനും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കിയതായും വിവരമുണ്ട്.
ബിഷപ്പിന്റെ മറുപടികള്‍ ഇന്നലെ രാത്രിയില്‍ തന്നെ അന്വേഷണ സംഘം പ്രാഥമികമായി വിലയിരുത്തിയതായാണു വിവരം. ഇന്നത്തെ ചോദ്യംചെയ്യല്‍ കൂടി കഴിഞ്ഞ് വിശദമായ വിലയിരുത്തലിനു ശേഷം തുടര്‍ നടപടികള്‍ ഉണ്ടാവും.

Next Story

RELATED STORIES

Share it