Kottayam Local

തലചായ്ക്കാന്‍ ഇടത്തിനായി വൃദ്ധദമ്പതികള്‍ സഹായം തേടുന്നു



ചങ്ങനാശ്ശേരി:  പ്രാണഭീതിയില്ലാതെ തലചായ്ച്ചുറങ്ങാന്‍ ഒരു കൂരക്കായി വൃദ്ധദമ്പതികള്‍ സുമനസുകളുടെ സഹായം തേടുന്നു.  കൂത്രപ്പള്ളി കുറ്റിക്കല്‍ കരിമ്പന്നൂര്‍ ജോസഫും(80), ഭാര്യ അമ്മിണി(66)യുമാണ് ഒരു വീടിനായി സഹായംതേടുന്നത്.  സ്വന്തമായുള്ള രണ്ടര സെന്റു സ്ഥലത്ത് പ്ലാസ്റ്റിക്കും ചാക്കും മറ്റും വലിച്ചുകെട്ടി ഏതുസമയവും നിലംപൊത്താറായ  കൂരക്കുള്ളിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്.  ഇരുവരുടേയും ശ്രമഫലമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ പണിത ചെറിയവീടിനു കേടുപാടുകള്‍ സംഭവിച്ചതോടെയാണ് ഇവരുടെ ദുരിതവും തുടങ്ങുന്നത്.  ഒരുകിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ജോസഫിനു പണിക്കുപോവാനാവാത്ത അവസ്ഥയുമായി.  വീഴ്ചയിലുണ്ടായ അപകടത്തെത്തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയയായ ഭാര്യ അമ്മിണിക്കും ജോലിക്കുപോവാന്‍ കഴിയുന്നില്ല. എന്നാല്‍  നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്നു ഏതാനും മാസങ്ങള്‍ക്കു മുമ്പ്  ഈ കുടിലില്‍ വൈദ്യുതി ലഭിച്ചെങ്കിലും സുരക്ഷിത ഭിത്തിയില്ലാത്തിനാല്‍ പുറത്ത് സുരക്ഷിത ക്രമീകരണങ്ങളോടെയാണ്  വൈദ്യുതി മീറ്റര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു ബള്‍ബും പ്രകാശിക്കുന്നു. വീടിനായി അധികാരികളെ പലപ്രാവശ്യം സമീപിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞു തിരിച്ചയക്കുകയായിരുന്നു.  റോഡിലേക്കിറങ്ങാന്‍ കുത്തനെയുള്ള കയറ്റം കയറണ്ടതുകാരണം ചികില്‍സാര്‍ത്ഥം മാസംതോറുമുള്ള ആശുപത്രിയാത്രയും മുടങ്ങിയിരിക്കുകയാണ്. ഇവരുടെ ദുരിതം കണ്ട് നാട്ടുകാരായ ടി സി ഫിലിപ്പ്, തോമസ് ജോണ്‍, ജോര്‍ജ് കെ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചിരിച്ചു പ്രവര്‍ത്തിക്കുയാണ് ഇപ്പോള്‍.  ജോസഫിന്റെയും ഭാര്യയുടേയും പേരില്‍  ഫെഡറല്‍ബാങ്ക് കറുകച്ചാല്‍ ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍-828 9927089.
Next Story

RELATED STORIES

Share it