ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു മാത്രം അവസരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ സംഘടനയായ ക്വയറാള സമര്‍പ്പിച്ച ഹരജിയാണ് തീര്‍പ്പാക്കിയത്. ക്വയറാള നല്‍കിയ നിവേദനം സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി നാലു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് പറയുന്നു. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി, നല്‍സ കേസിലെ സുപ്രിംകോടതി വിധി കൂടി കണക്കിലെടുത്തായിരിക്കണം നിവേദനം തീര്‍പ്പാക്കേണ്ടതെന്നും ഉത്തരവ് പറയുന്നു.
2018 മാര്‍ച്ച് ആറിനാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് മാത്രം ബാധകമായതാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായി സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് പേരും ലിംഗവും മാറ്റാന്‍ അവസരം നല്‍കുന്നതെന്ന് ഹരജിക്കാര്‍ വാദിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ഇല്ലാതെ കഴിയുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭ്യമാവില്ല.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ക്ക് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയ രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡിന് പകരമായി ഉപയോഗിക്കാമെന്ന് സര്‍ക്കാരിന്റെ 2015ലെ ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഉത്തരവ് എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും ബാധകമാക്കണമെന്നായിരുന്നു ആവശ്യം.
Next Story

RELATED STORIES

Share it