Flash News

ടിഡിപി എന്‍ഡിഎ വിട്ടു

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ നിന്ന് തെലുഗുദേശം പാര്‍ട്ടിയും (ടിഡിപി) പുറത്തുകടന്നു. ലോക്‌സഭയില്‍ 16 അംഗങ്ങളും രാജ്യസഭയില്‍ ആറ് അംഗങ്ങളുമുള്ള എന്‍ഡിഎയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായിരുന്നു ടിഡിപി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കുമെന്ന വാഗ്ദാനം ബിജെപി ലംഘിച്ചതിനെ തുടര്‍ന്നാണ് ടിഡിപി മുന്നണി വിട്ടത്. കേന്ദ്ര ഭരണമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേന നിലവില്‍ എന്‍ഡിഎയുമായി സഹകരിക്കുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.
ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയില്‍ ഇന്നലെ രാവിലെ നടന്ന ടിഡിപി പോളിറ്റ് ബ്യൂറോ യോഗത്തിലാണ് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവാണ് മുന്നണി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിസഭയിലുള്ള രണ്ടു പാര്‍ട്ടി മന്ത്രിമാര്‍ നേരത്തേ രാജിവച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ എസ് ചൗധരി എന്നിവരാണു കഴിഞ്ഞയാഴ്ച രാജിവച്ചത്.
കേന്ദ്രസര്‍ക്കാരിനു ഭീഷണിയാവില്ലെങ്കിലും ശിവസേനയുടെ നിസ്സഹകരണത്തിന് പുറമെ ടിഡിപി മുന്നണി വിടുക കൂടി ചെയ്തതോടെ എന്‍ഡിഎ ദുര്‍ബലമായിരിക്കുകയാണ്. മുന്നണി വിടാനുള്ള ടിഡിപി തീരുമാനത്തെ ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസും സ്വാഗതം ചെയ്തു. ടിഡിപി ആന്ധ്രയുടെ ആവശ്യങ്ങള്‍ക്കായി  ഉയിര്‍ത്തെഴുന്നേറ്റുവെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തോട് പ്രതികരിച്ചത്.
ആന്ധ്രപ്രദേശിനെ വിഭജിച്ചപ്പോള്‍ മുന്‍ യുപിഎ സര്‍ക്കാരാണ് സംസ്ഥാനത്തിനു പ്രത്യേക പദവി വാഗ്ദാനം ചെയ്തത്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായതോടെ പ്രത്യേക പദവി അനായാസം നേടിയെടുക്കാമെന്നായിരുന്നു തെലുഗുദേശം പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍, വളരെയധികം സമ്മര്‍ദം ചെലുത്തിയിട്ടും നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം. നേരത്തേ കേന്ദ്ര ബജറ്റില്‍ ആന്ധ്രപ്രദേശിന് കാര്യമായി ഒന്നും ലഭിക്കാതിരുന്നതും ടിഡിപിയെ പ്രകോപിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ടിഡിപി മുന്നണി വിട്ടത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കു നേരെയാണ് ചന്ദ്രബാബു നായിഡു രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ടിഡിപി പിന്തുണ പിന്‍വലിച്ചതോടെ എന്‍ഡിഎ അംഗബലം 336ല്‍ നിന്ന് 314 ആയി കുറഞ്ഞു.  കഴിഞ്ഞ 10 ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ കഴിയാതിരുന്ന ബിജെപിക്ക് ലോക്‌സഭയില്‍ ഇപ്പോഴും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും നാലു വര്‍ഷം മുമ്പ് അധികാരത്തിലേറുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ ചുരുങ്ങിയിട്ടുണ്ട്. 545 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് ചുരുങ്ങിയത് 273 സീറ്റ് വേണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ബിജെപിക്ക് ഇപ്പോള്‍ 275 സീറ്റാണുള്ളത്. ഇതില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും കീര്‍ത്തി ആസാദും വിമതസ്വരം ഉയര്‍ത്തുന്നുമുണ്ട്. അതോടൊപ്പം എസ്പിയും ബിഎസ്പിയും തമ്മിലുള്ള കൈകോര്‍ക്കല്‍ ഉള്‍പ്പെടെ പ്രതിപക്ഷ ഐക്യനിര കൂടുതല്‍ ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it