Kollam Local

ജെന്‍സിയെന്ന ചാംപ്യനൊപ്പം ആത്മവിശ്വാസത്തോടെ കൂട്ടുകാര്‍

കൊല്ലം: ജെന്‍സി എന്ന മിടുക്കി ഇന്ന് ബഡ്‌സ് സ്‌കൂളിന്റെ അഭിമാനമാണ്. ഭിന്നശേഷിയുടെ മികവ് പദ്യപാരായണത്തിലെ ഒന്നാം സമ്മാനവും ലളിതഗാനത്തിലേയും സിനിമാഗാനത്തിലേയും പ്രകടനം രണ്ടാം സ്ഥാനമായും ജെന്‍സി സ്വന്തമാക്കിയപ്പോള്‍ വ്യക്തിഗത ഓവറോള്‍ ചാംപ്യന്‍ പട്ടം ഇരട്ടിമധുരമായി. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന കുടുംബശ്രീ ബഡ്‌സ് ബിആര്‍സി ജില്ലാതല സ്‌കൂള്‍ കലോല്‍സവത്തിലാണ് കുട്ടികള്‍ മല്‍സരമികവ് പ്രകടമാക്കിയത്.   ജെന്‍സിക്ക് മാത്രമായി ചുരുങ്ങിയില്ല ആഹ്ലാദ നിമിഷങ്ങള്‍. പങ്കെടുത്ത ഓരോ കുട്ടിക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അംഗീകാരത്തിന്റെ പ്രചോദനമേകി സംഘാടകര്‍. ജീവിതത്തെ സധൈര്യം നേരിടാനുള്ള കരുത്ത് കൂടിയാണ് അവര്‍ ഇങ്ങനെ സ്വന്തമാക്കിയത്. സമ്മാനമോ സര്‍ട്ടിഫിക്കറ്റോ നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അവരെ പരിചരിക്കുന്നതിനുള്ള ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു. മല്‍സരവേദിയിലേക്ക് കുട്ടികളെ എത്തിക്കാന്‍ മുന്നില്‍ നിന്ന അധ്യാപകര്‍ക്കും അവകാശപ്പെട്ടതാണ് ബഡ്‌സ് മേളയുടെ വിജയാരവങ്ങള്‍.  സമാപന സമ്മേളനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ ജി സന്തോഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ വി ആര്‍ അജു, മുഹമദ് അന്‍സര്‍, സബൂറാബീവി, കെ ബി ജോയി സംസാരിച്ചു. കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി. ബഡ്‌സ് ബിആര്‍സി സ്‌കൂളില്‍ നിന്നും വിവിധ മല്‍സരയിനങ്ങളിലായി 16 പേരാണ് പങ്കെടുത്തത്.
Next Story

RELATED STORIES

Share it