ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിരാഹാരസമരത്തിലേക്ക്‌

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍. പെന്‍ഷന്‍ പ്രായവര്‍ധനയ്‌ക്കെതിരേ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം രണ്ടു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കാത്ത സാഹചര്യത്തിലാണ് നിരാഹാരസമരത്തിലേക്ക് കടക്കുന്നതെന്ന് കേരള മെഡിക്കല്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കുന്നത് നീണ്ടുപോയാല്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് സമരത്തിലേക്കിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നേരത്തേ അനിശ്ചിതകാല സമരത്തിനാണ് ആഹ്വാനം ചെയ്തിരുന്നത്. നിലവില്‍ ഒപിയും വാര്‍ഡുകളും ബഹിഷ്‌കരിച്ചാണ് സമരം നടത്തുന്നത്. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളജ് കാംപസുകളില്‍ നിരാഹാരസമരം നടത്തുന്നതിനും പിന്നീട് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നത്. അത്യാഹിതം, തീവ്രപരിചരണം, ലേബര്‍ റൂം എന്നീ വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പണിമുടക്കിയാല്‍ ഇവരുടെ രജിസ്‌ട്രേഷന്‍ നഷ്ടപ്പെടും എന്നതിനാല്‍ ഇവര്‍ക്കു സമരത്തില്‍ പങ്കെടുക്കാനാവില്ല. അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ സംവിധാനമൊരുക്കുന്നുണ്ട്. മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുടെയും ഹൗസ് സര്‍ജന്‍മാരുടെയും സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന ആശുപത്രി ഒപികളുടെ പ്രവര്‍ത്തനത്തെയാണ് സമരം കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ നോണ്‍ ക്ലിനിക്കല്‍ സ്റ്റാഫുകളുടെ കൂടി സേവനം ഒപികളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.
Next Story

RELATED STORIES

Share it