malappuram local

ജില്ലാ ആശുപത്രികളില്‍ ലിംബ് ഫിറ്റിങ്് സെന്ററുകള്‍ വരുന്നു

മലപ്പുറം: അപകടങ്ങളില്‍പെട്ട് കൈകാലുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കൃത്രിമ കൈകാലുകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ എല്ലാ ജില്ലാ ആശുപത്രികളിലും സംവിധാനം വരുന്നു. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ‘ ലിംബ് ഫിറ്റിങ് സ്ഥാപന’ സജീകരണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചു.
കൈകാലുകള്‍ നഷ്ടപ്പെട്ട, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. കൃത്രിമ കൈകാലുകള്‍ വച്ചുപിടിപ്പിക്കല്‍ സാമ്പത്തിക ചെലവേറിയതായതിനാല്‍ സാധാരണക്കാരായവര്‍ക്ക് ഇതു അപ്രാപ്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും സംവിധാനമൊരുക്കാന്‍ തീരുമാനിച്ചത്. ഇതിനായി സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ആകെ അരക്കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ തിരൂര്‍ ജില്ലാ ആശുപത്രിക്കാണ് കൂടുതല്‍ തുക ലഭിച്ചത്. തിരൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് കൂടുതലാളുകള്‍ക്ക് സേവനം ലഭ്യമാക്കാനുതകുന്ന സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനാലാണ് 2018-19 വര്‍ഷത്തില്‍ ലിംബ് ഫിറ്റിങ് സ്ഥാപനങ്ങളുടെ ശാക്തീകരണ പദ്ധതിയില്‍ ഉള്‍പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിക്ക് കൂടുതല്‍ തുക നല്‍കിയത്. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ വരുന്ന മാര്‍ച്ചിനുള്ളില്‍ സംവിധാനമൊരുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം പി വിനോദ് പറഞ്ഞു. ലിംബ് ലിഫ്റ്റിങ് കേന്ദ്രത്തിലേക്കാവശ്യമായ ജീവനക്കാരുടെ നിയമനവുമുണ്ടാവും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുഖേനയാണ് കൃത്രിമ കൈകാലുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുക. ആരോഗ്യവകുപ്പ് ലിംബ് ഫിറ്റിങ് സെന്ററിനായി 20 ലക്ഷം രൂപ അനുവദിച്ച പശ്ചാത്തലത്തില്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും പങ്കാളിത്തത്തില്‍ ആശുപ്രത്രി സൂപ്രണ്ട് പ്രാഥമിക യോഗം ചേര്‍ന്നിരുന്നു.
നിലവില്‍ മലപ്പുറം ജില്ലയില്‍ അടക്കമുള്ളവര്‍ കൃത്രിമ ൈകകാലുകള്‍ മാറ്റിവയ്ക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
തിരൂരില്‍ ലിംബ് ഫിറ്റിങ് സെന്റര്‍ യാഥാര്‍ഥ്യമാവുന്നതോടെ സൗകര്യം എളുപ്പത്തില്‍ ലഭ്യമാവും.

Next Story

RELATED STORIES

Share it