kannur local

ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ കടുത്ത നടപടി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തലസ്ഥാനത്ത് നടന്ന സമാധാന ചര്‍ച്ചകള്‍ക്കു ശേഷവും സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസങ്ങളില്‍ മട്ടന്നൂരിലും പരിസരങ്ങളിലും നടന്ന സിപിഎം-ആര്‍എസ്എസ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ കലക്്ടറുടെ ചേംബറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കലക്ടര്‍ നിലപാട് കടുപ്പിച്ചത്. പ്രകോപന പ്രസംഗങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങള്‍ക്കുമെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് കലക്്ടര്‍ മിര്‍ മുഹമ്മദലി മുന്നറിയിപ്പ് നല്‍കി. മുമ്പ് നടന്ന സമാധാന യോഗത്തിലെ തീരുമാനപ്രകാരം അക്രമത്തില്‍ പരിക്കേറ്റവരെ സര്‍വകക്ഷി സംഘം സന്ദര്‍ശിക്കാനും തീരുമാനിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ ആശുപത്രി വിട്ടാല്‍ സര്‍വകക്ഷി സംഘം അവരെ വീടുകളിലെത്തി സന്ദര്‍ശിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ കലക്ടര്‍ പറഞ്ഞു.  എല്ലാ പോലിസ് സ്റ്റേഷന്‍ പരിധിയിലും എസ്‌ഐമാരുടെ സാന്നിധ്യത്തില്‍ എല്ലാ മാസവും പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ യോഗം ചേരും. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം ഗ്രൂപ്പുകളെ നിരീക്ഷിക്കും. എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കണം. അത്തരം പ്രസംഗങ്ങളെ അപലപിക്കാന്‍ നേതൃത്വം തയ്യാറാവണമെന്നും കലക്ടര്‍ പറഞ്ഞു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം വ്യക്തമാക്കി. വൈദ്യുതിത്തൂണുകളിലെ പ്രചാരണം കര്‍ശനമായി തടയും. നിലവിലുള്ള എഴുത്തുകള്‍ നീക്കം ചെയ്യുന്നുണ്ട്. ഉല്‍സവ സീസണ്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കും. സമാധാനനീക്കങ്ങള്‍ക്ക് രാഷ്ട്രീയ സംഘടനകളില്‍നിന്ന് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ രഞ്ജിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി ശശിധരന്‍, ജില്ലാ കാര്യവാഹ് കെ പ്രമോദ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it