kasaragod local

ജില്ലയില്‍ മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ പെണ്‍കുട്ടികളും

കാസര്‍കോട്്: വിദ്യാര്‍ഥികളേയും യുവാക്കളേയും വലയിലാക്കി ജില്ലയില്‍ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കി. ഇവരുടെ പിടിയില്‍ നിരവധി വിദ്യാര്‍ഥിനികളും യുവതികളും ഉള്‍പ്പെട്ടിട്ടുള്ളതായി പോലിസ് പറയുന്നു. കഴിഞ്ഞ ദിവസം മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ നവവധു പിടിയിലായിരുന്നു.
ഈ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കാസര്‍കോട്ടെ പ്രശസ്തമായ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ വലയിലാക്കുന്ന സംഘം പിന്നീട് സഹപാഠികളായ വിദ്യാര്‍ഥിനികളേയും ഇവരെ സ്വാധീനിച്ച് വലയിലാക്കുന്നു. ആദ്യം പണം നല്‍കാതെ മയക്കുമരുന്ന് നല്‍കിയാണ് മാഫിയകള്‍ സ്വാധീനിക്കുന്നത്. കഞ്ചാവിന് പുറമെ ലഹരി കലര്‍ന്ന നിരവധി കാപ്‌സ്യൂളുകളും മിഠായികളും മാഫിയകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് കഴിക്കുന്ന വിദ്യാര്‍ഥികള്‍ പിന്നീട് ലഹരിക്ക് അടിമയാകുന്നു. ക്ലാസ് കട്ട് ചെയ്തും ബന്ധുവീട്ടില്‍ പോകുന്നുവെന്നും പറഞ്ഞാണ് വിദ്യാര്‍ഥികള്‍ മംഗളൂരുവിലേക്ക് വണ്ടികയറുന്നത്. ഇവിടെ എത്തുമ്പോള്‍ ഇവരെ വലയിലാക്കാന്‍ വന്‍ മാഫിയകള്‍ തന്നെ രംഗത്തുണ്ട്. പ്രകൃതി വിരുദ്ധ പീഡനത്തിനും പ്രവര്‍ത്തനത്തിനും വിദ്യാര്‍ഥിനികളെ അനാശാസ്യ പ്രവൃത്തികള്‍ക്കും പ്രേരിപ്പിക്കുകയാണ്. പെരിയ കേന്ദ്രസര്‍വകലാശാല കാംപസിനകത്ത് കഞ്ചാവ് സുലഭമാണെന്ന് വിവരമുണ്ട്. കഞ്ചാവടിച്ച് ഹോസ്റ്റലില്‍ കയറി നഗ്നയായി കിടന്ന വിദ്യാര്‍ഥിനിയെ കോളജില്‍ നിന്നും പുറത്താക്കിയിരുന്നു. വിദ്യാനഗര്‍ ഐടിഐയിലെ രണ്ട് വിദ്യാര്‍ഥികളില്‍ നിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവും റിപോര്‍ട്ട് ചെയ്തിരുന്നു.
ഗവ. കോളജിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിതരണം ചെയ്യുന്ന വിദ്യാര്‍ഥികളെയാണ് പിടികൂടിയിരുന്നത്. ഐടിഐയിലെ ഹോസ്റ്റല്‍ മുറിയിലാണ് ഏതാനും മാസംമുമ്പ് വിദ്യാര്‍ഥി തൂങ്ങിമരിച്ചത്. കഴിഞ്ഞ ഒന്നിന് ഉദുമ മാങ്ങാട് സ്വദേശിയും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ദൂരൂഹസാഹചര്യത്തില്‍ കളനാട് റെയില്‍വേ ട്രാക്കിനടുത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് വലിക്കുന്ന സംഘത്തില്‍ പെട്ടവരാണ് കുട്ടിയെ കളനാട്ടേക്ക് കൊണ്ടുപോയതെന്നാണ് വിവരം. ഇതേ കുറിച്ച് ജില്ലാ പോലിസ് ചീഫിന്റെ കീഴിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. കഞ്ചാവ് വലിച്ച സംഭവത്തില്‍ സഹപാഠിയായ വിദ്യാര്‍ഥിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ലഹരി മാഫിയക്കെതിരേ ജനങ്ങള്‍ രംഗത്തിറങ്ങിയതോടെ പോലിസും മാഫിയകളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ കലാലയ കാംപസുകളും പ്രധാന ടൗണുകളും സ്‌കൂള്‍ പരിസരങ്ങളും ഇപ്പോള്‍ മയക്കുമരുന്ന് മാഫിയകളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, കുമ്പള, കാസര്‍കോട് ടൗണ്‍, തളങ്കര ഹാര്‍ബര്‍, ചട്ടഞ്ചാല്‍, മേല്‍പറമ്പ്, ബേക്കല്‍, പെരിയ, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍ തുടങ്ങിയ ടൗണുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കര്‍ണാടകയില്‍ നിന്നും ഇടുക്കിയില്‍ നിന്നും ജില്ലയിലെത്തുന്നത്. ഇതിനെ വില്‍ക്കാനാണ് വിദ്യാര്‍ഥികളെ മാഫിയകള്‍ ഉപയോഗിക്കുന്നത്. ആദ്യം കഞ്ചാവ് നിറച്ച ബീഡി നല്‍കി കുട്ടികളെ ആകര്‍ഷിപ്പിച്ച ശേഷം പിന്നീട് സംഘത്തില്‍പെടുത്തുകയാണ് പതിവ്.
Next Story

RELATED STORIES

Share it