Alappuzha local

ജില്ലയില്‍ ഗുണ്ടകള്‍ക്കെതിരേയുള്ള പോലിസ് നടപടി തുടരുന്നു ; 22 ഗുണ്ടകള്‍ അറസ്റ്റില്‍



ആലപ്പുഴ: ജില്ലയില്‍ സാമൂഹികവിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ആരംഭിച്ച ഓപ്പറേഷന്‍ ഗുണ്ടയുടെ ഭാഗമായി 32 പോലിസ് സ്റ്റേഷനുകളിലായി 22 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ പ്രതികള്‍, വിവിധ വാറന്റുകളില്‍ ഒളിവില്‍ കഴിയുന്നവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അതേസമയം രണ്ടു കൊലപാതകങ്ങള്‍ നടന്ന അമ്പലപ്പുഴ പോലുസ് സ്‌റ്റേഷന്റെ പരിധിയില്‍ മയക്കുമരുന്നുമാഫിയാ സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും സജീവമാണ്. രാത്രി കാലങ്ങളില്‍ മുന്തിയ ഇനം കാറുകളില്‍ എത്തുന്ന സംഘം മയക്കുമരുന്നു വ്യാപാരം നടത്താറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തോട്ടപ്പള്ളി, ഫിഷിങ് ഹാര്‍ബര്‍, ചില കോളനികള്‍, പുറക്കാട്, പഴയങ്ങാടി, കരൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ തമ്പടിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. സംഘങ്ങളെ അമര്‍ച്ച ചെയ്യേണ്ട പോലിസ് ഭയക്കാന്‍ കാരണം രാഷ്ട്രീയ സമ്മര്‍ദ്ദം ഉളളതിനാലാണ് എന്നും പറയപ്പെടുന്നു. ജില്ലയില്‍ വിവിധ കോണുകളില്‍ മയക്കുമരുന്ന്, ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം എഴുപുന്ന ശ്രീ നാരായണപുരത്ത് കഞ്ചാവ് സംഘം നാലു യുവാക്കളെ ആക്രമിച്ചതായി പോലിസില്‍ പരാതിയുയര്‍ന്നു. എഴുപുന്ന പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കോനാട്ടുതറയില്‍ അനീഷ് (26), മനോജ് (25), പേനാടി നി കര്‍ത്തില്‍ അഖില്‍ (25), പതിനാറാം വാര്‍ഡില്‍ വെള്ളയില്‍ പടിഞ്ഞാറെ നികര്‍ത്തില്‍ ധനൂപ് (28), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തുറവുര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ എഴുപുന്ന ശ്രീ നാരായണപുരം ക്ഷേത്ര പരിസരത്ത് വച്ചായിരുന്നു ആക്രമണം. ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണത്തില്‍ മൂന്നു ജീവനുകള്‍ ജില്ലയില്‍ പൊലിഞ്ഞിരുന്നു. കണ്ടല്ലൂര്‍ കളരിക്കല്‍ സ്വദേശി സുമേഷ് (27), ഡിവൈഎഫ്‌ഐ നേതാവ് കരുവാറ്റ വടക്ക് വിഷ്ണു ഭവനത്തില്‍പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ജിഷ്ണു (പാപ്പാജി-24), കരുവാറ്റ തുണ്ടുകളത്തില്‍ വീട്ടില്‍ ഉത്തമന്റെ മകന്‍ ഉല്ലാസ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it