kozhikode local

ജില്ലയില്‍ കനത്ത മഴ

കോഴിക്കോട് : കനത്ത മഴ തുടരുന്ന ജില്ലയില്‍ ഇന്നലെ ലഭിച്ച മഴ 104.3 മില്ലിമീറ്റര്‍. വടകര താലൂക്കില്‍ കനത്ത മഴയില്‍ 10 വീടുകള്‍ക്ക് ഭാഗിക തകരാറുകള്‍ സംഭവിച്ചു. അപകട ഭീഷണി കണക്കിലെടുത്ത് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കൊയിലാണ്ടി താലൂക്കില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തുറയൂര്‍ മുകപ്പൂര്‍ ഗവ.എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു. 14 കൂടുംബങ്ങളിലെ 64 പേരെ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താലൂക്കുകളില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താമരശ്ശേരി: 0495-2223088, കോഴിക്കോട്: 0495-2372966,കൊയിലാണ്ടി :0496-2620235, വടകര: 04962522361.
ജാഗ്രത പാലിക്കണം
കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എലിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഈ മാസത്തില്‍ ഇതുവരെയായി 18 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 59 കേസുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ രണ്ട് മരണം സംഭവിച്ചിട്ടുണ്ട്. കൂടാതെ 104 സംശയാസ്പദമായ കേസുകളില്‍ ആറ് മരണവും സംഭവിച്ചിട്ടുണ്ട്. ലെപ്‌റ്റോസ്‌പൈറസ് ബാക്ടീരിയ മൂലമാണ് എലിപ്പനി രോഗമുണ്ടാകുന്നത്.
കാര്‍ന്നു തിന്നുന്ന ജീവികളായ എലി അണ്ണാന്‍ എന്നിവയും കന്നുകാലികള്‍, പൂച്ച, പട്ടി തുടങ്ങിയ മൃഗങ്ങളും ഇതിന്റെ രോഗാണുവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ, അതു കലര്‍ന്ന മണ്ണോ, വെളളമോ വഴിയുളള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്. ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നതായി കാണുന്നില്ല.
ഓടകള്‍, കുളങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുന്നവര്‍, കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍, വൃത്തിഹീനമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരിലാണ് രോഗം അധികമായി കണ്ടുവരുന്നത്. പനി, പേശീവേദന, കണ്ണിനു ചുവപ്പ്, ഓക്കാനം തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. തുടര്‍ന്ന രോഗം മൂര്‍ഛിച്ച് കരള്‍, വൃക്ക, ശ്വാസ കോശം, ഹൃദയം തുടങ്ങിയ എല്ലാ ശരീരവൃവസ്ഥകളേയും ബാധിക്കും. ഇവയെല്ലാം മരണകാരിയായി മാറാവുന്നതാണ്. ഫലപ്രദമായ ചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.
എലിപ്പനി പകരാന്‍ സാധ്യതയുളള തൊഴിലുകള്‍ ചെയ്യുന്നവര്‍ അത്തരം ജോലിക്ക് ഇറങ്ങുന്നതിന് തലേ ദിവസം മുതല്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സി സൈക്ലില്‍ ഗുളികകള്‍ ആറ് ആഴ്ച വരെ കഴിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍, വൃക്തിഗതമാര്‍ഗങ്ങളായ കൈയ്യുറ, കാലുറകള്‍ ഉപയോഗിക്കണം.
ശരിരഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ മലിനീകരിക്കപ്പെട്ട വെളളമോ, മണ്ണുമായോ സമ്പര്‍ക്കമുണ്ടാകാതെ നോക്കുക.ആഹാരവും കുടിവെളളവും എലിമൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവെക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ വിധം സംസ്‌കരിക്കുകയും, എലിനശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി വന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ നടത്തേണ്ടതാണ്.
Next Story

RELATED STORIES

Share it