kozhikode local

ജില്ലയില്‍ ഈ വര്‍ഷം 321 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു



കോഴിക്കോട്: ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ച് 321 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. 49 കേസുകള്‍ സ്ഥിരീകരിച്ചതില്‍ മാര്‍ച്ചിലും ഏപ്രിലുമായി രണ്ട് പേര്‍ മരിച്ചു. കക്കോടിയിലും എടച്ചേരിയിലുമാണ് മരണം സംഭവിച്ചത്. ഹെപ്പറ്റെറ്റീസ് എന്ന വൈറസ് മൂലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. മലിനജലത്തിലൂടെയാണ് ഇതു പകരുന്നത്. രോഗികളില്‍ നിന്നും രോഗകാരണമായ വൈറസ് മലത്തിലൂടെയും മൂത്രത്തിലൂടെയും പുറത്തുവരുന്നു. തുറസ്സായ സ്ഥലത്ത് മല-മൂത്രവിസര്‍ജ്ജനം നടത്തുന്നതുവഴി ഇത് കിണര്‍, പുഴ, കുളം എന്നിവയില്‍ എത്തിച്ചേരുന്നു. ഇങ്ങനെ മലിനമായ ജലം തിളപ്പിക്കാതെ കുടിക്കുമ്പോഴും  ഈ വെള്ളം ഉപയോഗിച്ച് ആഹാരം  പാകം ചെയ്തു ഉപയോഗിക്കുമ്പോഴും രോഗം പകരുന്നു. മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് രണ്ടാഴ്ച മുന്‍പുമുതല്‍ രോഗാണുക്കള്‍ മലത്തിലൂടെ പുറത്തുവരുന്നു. മഞ്ഞപ്പിത്തം തുടങ്ങി രണ്ടാഴ്ച വരെ ഇത്് തുടരും. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, മൂത്രത്തിന് മഞ്ഞനിറം, മലത്തിന് നിറവ്യത്യാസം (കളിമണ്ണിന്റെ നിറം) ഇവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണുകള്‍ക്കും, നഖത്തിനും, ചിലശരീരഭാഗങ്ങള്‍ക്കും മഞ്ഞനിറം കണ്ടുതുടങ്ങുന്നു. അതോടെ പനിയും മറ്റും കുറയുന്നു.രോഗാണുക്കള്‍ ശരീരത്തിലെത്തി  15-40 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. 15 മുതല്‍ 30 ദിവസംവരെരോഗം നീണ്ടുനില്‍ക്കുന്നു. പ്രായഭേദമന്യേ എല്ലാവരേയും ഈ രോഗം ബാധിക്കും. പരിപൂര്‍ണവിശ്രമവും ശരിയായ ഭക്ഷണക്രമവുമാണ് ചികിത്സയില്‍ പ്രധാനം. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍തന്നെ വൈദ്യപരിശോധന നടത്തി രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സാരീതി കര്‍ശനമായി പാലിക്കണം. മാനസികവും, ശാരീരികവുമായ എല്ലാവിധ അദ്ധ്വാനങ്ങളും പരിപൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.ധാരാളം വെള്ളം കുടിക്കുകയും കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഗ്ലൂക്കോസ് ലായനി ഇവ ധാരാളമായി ഉപയോഗിക്കുകയും ചെയ്യുക. നീണ്ടു നില്‍കുന്ന പനി, ഛര്‍ദ്ദി, കഠിനമായ ക്ഷീണം എന്നിവയുണ്ടെങ്കില്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയാണ് നല്ലത്. രോഗം ബാധിച്ചവര്‍ക്ക് പ്രതിരോധശക്തി വീണ്ടെടുക്കാന്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കണം. ആഹാരമൊന്നും കൊടുക്കാതെ രോഗിയെ പട്ടിണിക്കിടരുത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചിത അളവില്‍ ഉപ്പ് ആവശ്യമാണ്. മഞ്ഞപ്പിത്തമാണെന്നു കരുതി ഉപ്പ് പൂര്‍ണമായും നിഷേധിക്കരുത്. ഉപ്പിന്റെ അഭാവം ഒരു പരിധി കഴിഞ്ഞാല്‍ ബോധക്ഷയം ഉണ്ടാക്കും, ചിലരുടെ ശരീരത്തില്‍ നീര് ഉണ്ടായെന്നുവരാം. ഇങ്ങനെയുള്ളവര്‍ ഉപ്പ് നിയന്ത്രിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ ടോള്‍ ഫ്രീ നമ്പര്‍ ദിശ 1056.
Next Story

RELATED STORIES

Share it