malappuram local

ജില്ലയില്‍ ഇതുവരെ 47.7 കോടിയുടെ നഷ്ടം

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് ഇതുവരെ 47.7 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു. റവന്യൂ, ക്യഷി, കെഎസ്ഇബി, ഫിഷറീസ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എന്നിവയുടെ മാത്രം നഷ്ടത്തിന്റെ കണക്കാണിത്. വിവിധ താലൂക്കുകളിലായി 11 പേര്‍ ദുരന്തത്തിനിരയായി മരിച്ചു. തിരൂര്‍ (2), നിലമ്പൂര്‍(4), ഏറനാട്(1), തിരൂരങ്ങാടി(1), പെരിന്തല്‍മണ്ണ (2), പൊന്നാനി (1) എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മെയ് 29ന് കാലവര്‍ഷം തുടങ്ങിയത് മുതല്‍ ഇതുവരെ വിവിധ സ്ഥലങ്ങളിലായി 32 വീടുകള്‍ പൂര്‍ണമായി നശിച്ചു. 41 ലക്ഷം രൂപയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കുന്നത്. 596 വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്.
74.44 ലക്ഷമാണ് നഷ്ടം. വീടുകളുടെ ആകെ നഷ്ടം 1.59 കോടിയാണ്. വിവിധ സ്ഥലങ്ങളിലായി നാല് താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 914 ഹെക്ടര്‍ പ്രദേശത്തെ കൃഷിയെ കാലവര്‍ഷം ബാധിച്ചു. 15 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷികരംഗത്ത് കണക്കാക്കുന്നത്. പൊന്നാനി കടലോര മേഖലയില്‍ ബോട്ടും വലകളും തകര്‍ന്നതിനെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏകദേശം 7.5 കോടിയുടെ നഷ്ടമുണ്ടായി. കെഎസ്ബിയുടെ ആകെ നഷ്ടം 3.61 കോടിയാണ്. തിരൂര്‍ സര്‍ക്കിളില്‍ 1.25 കോടിയുടെയും മഞ്ചേരി സര്‍ക്കിളില്‍ 1.74 കോടിയുടെയും നിലമ്പൂരില്‍ 62.38 ലക്ഷത്തിന്റെയും നഷ്ടമാണുണ്ടായത്.
പൊതുമരാമത്ത് റോഡ്‌സ്് വിഭാഗത്തിന് ജില്ലയില്‍ ആകെ 20.35 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കനത്ത മഴയില്‍ റോഡുകളും ഓവുചാലുകളും, പാലങ്ങളും മറ്റും തകര്‍ന്നതിന്റെ കണക്കാണിത്. ഇതുവരെ 1291.72 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ ആകെ ലഭിച്ചത്.
Next Story

RELATED STORIES

Share it