ജയലളിതയുടെ മരണം; പോലിസ് നിര്‍ദേശപ്രകാരം സിസിടിവികള്‍ ഓഫാക്കി: അപ്പോളോ ആശുപത്രി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികില്‍സയില്‍ കഴിഞ്ഞ നാളുകളില്‍ അപ്പോളോ ആശുപത്രിയിലെ ഇടനാഴികളിലെ സിസി ടിവി കാമറകള്‍ പോലിസിന്റെ നിര്‍ദേശപ്രകാരം ഓഫ് ചെയ്തിരുന്നുവെന്നു ജയയുടെ മരണമന്വേഷിക്കുന്ന സമിതിയെ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയുടെ ചികില്‍സാ മുറികളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിച്ചിട്ടില്ല. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് ആശുപത്രിയുടെ ഇടനാഴികളിലും പ്രവേശന കവാടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്- ആശുപത്രിയുടെ നിയമസഹായ മാനേജര്‍ എസ് എം മോഹന്‍കുമാര്‍, ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. സ്‌കാനിങ് പോലുള്ള പരിശോധനയ്ക്കു ജയലളിതയെ മുറിയില്‍ നിന്നു കൊണ്ടുപോവുമ്പോള്‍ ഇടനാഴികളിലെയും മറ്റും കാമറകള്‍ ഓഫ് ചെയ്യും. പോലിസ് ഐജി (ഇന്റലിജന്‍സ്) കെ എന്‍ സത്യമൂര്‍ത്തിയടക്കമുള്ള പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. ചികില്‍സയ്ക്കായി ജയ വീണ്ടും മുറിയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു കാമറകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ജയലളിതയെ ചികില്‍സിച്ച ആശുപത്രിയിലെ രണ്ടാംനില പോലിസിന്റെ നിയന്ത്രണത്തിലായിരുന്നു.
2016 സപ്തംബര്‍ 23നു പുറത്തുവിട്ട ആദ്യത്തെ വാര്‍ത്താക്കുറിപ്പ് തയ്യാറാക്കുന്നതില്‍ ജയലളിത പങ്കാളിയായിരുന്നുവെന്നും ആശുപത്രി, അന്വേഷണ സമിതിയെ അറിയിച്ചു. 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം 2016 ഡിസംബര്‍ അഞ്ചിനാണു ജയലളിത അന്തരിച്ചത്.

Next Story

RELATED STORIES

Share it