World

ചൈനയില്‍ വീണ്ടും ഷി ജിന്‍പെങ്; വാങ് ക്വിഷാന്‍ വൈസ് പ്രസിഡന്റ്‌

ബെയ്ജിങ്: ഷി ജിന്‍പെങ് വീണ്ടും പ്രസിഡന്റാവുന്നതിനെ ഒറ്റക്കെട്ടായി പിന്തുണച്ച് ചൈനീസ് പാര്‍ലമെന്റ്. രണ്ടാമതും ചൈനീസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ജിന്‍പെങ് തന്റെ വിശ്വസ്തനായ അഴിമതിവിരുദ്ധ വിഭാഗം മുന്‍ തലവന്‍ വാങ് ക്വിഷാനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ചൈനയില്‍ പ്രസിഡന്റ് പദത്തിന് കാലപരിധി നിശ്ചയിച്ചിരുന്ന നിയമം ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ ഭേദഗതി ചെയ്തിരുന്നു. പ്രസിഡന്റിന്റെ കാലാവധി രണ്ടു തവണയായി നിജപ്പെടുത്തുന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഇതോടെ, ജിന്‍പെങിന് ആജീവനാന്തം പ്രസിഡന്റ് പദവിയില്‍ തുടരാനാവും.
ജിന്‍പെങിന് ശക്തമായ പിന്തുണയാവും വൈസ് പ്രസിഡന്റെന്ന നിലയില്‍ വാങ് ക്വിഷാ—ന്റെ പക്ഷത്തുനിന്നുണ്ടാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജിന്‍പെങിനെ വീണ്ടും തിരഞ്ഞെടുക്കുമെന്ന കാര്യം നേരത്തേ തന്നെ ഉറപ്പായിരുന്നു. ക്വിഷാനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജിന്‍പെങ് ഉയര്‍ത്തുമോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം.
എതിരില്ലാത്ത 2970 വോട്ടുകളുടെ പിന്തുണയോടെയാണ് ചൈനീസ് പ്രസിഡന്റ്, കേന്ദ്ര സൈനിക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ജിന്‍പെങിനെ വീണ്ടും തിരഞ്ഞെടുത്തത്. വാങ് ക്വിഷാനെ 2969 പേര്‍ അനുകൂലിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു വോട്ട് ചെയ്തു. 2013ല്‍ ഒന്നിനെതിരേ 2952 വോട്ടുകളായിരുന്നു ജിന്‍പെങ് നേടിയത്. മൂന്നുപേര്‍ അന്ന് വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ജിന്‍പെങിന്റെയും വൈസ് പ്രസിഡന്റിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it