ഗോള്‍മഴ വര്‍ഷിച്ച 1954 ക്വാര്‍ട്ടര്‍ ഫൈനല്‍

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം തവണ വലകുലുങ്ങിയെന്ന റെക്കോഡിന് 64 വര്‍ഷം പിന്നിട്ടിട്ടും ഇളക്കം തട്ടിയില്ല. 1954ലെ സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിലെ ഓസ്ട്രിയ-സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരമാണ് ഗോളടിമേളത്തിലൂടെ ചരിത്രപുസ്തകത്തില്‍ ഇടംപിടിച്ചത്.
അന്ന് ഗോള്‍വല ചലിച്ചത് 12 തവണയാണ്. ഓസ്ട്രിയ ഏഴുതവണയും സ്വിറ്റ്‌സര്‍ലന്‍ഡ് അഞ്ചുതവണയും ഗോള്‍വല ചലിപ്പിച്ചു. കളിയുടെ തുടക്കത്തില്‍ തന്നെ ആതിഥേയരായ സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്ന് ഗോളുകളടിച്ച് മുന്നിലെത്തി. 16ാം മിനിറ്റില്‍ ബല്ലാമന്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 17ാം മിനിറ്റിലും 19ാം മിനിറ്റിലും ഗോളടിച്ച് ജോസഫ് ഹുജി ലീഡ് 3-0 ആയി ഉയര്‍ത്തി. 25, 26, 27 മിനിറ്റുകളില്‍ ഓസ്ട്രിയ ഗോളുകള്‍ മടക്കി. 32ാം മിനിറ്റില്‍ നായകന്‍ ഓക്വിര്‍ക്കിലൂടെ ഓസ്ട്രിയ ലീഡ് നേടി. സ്‌കോര്‍ 4-3. 34ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഞെട്ടിച്ച് ഓസ്ട്രിയ ലീഡ് ഉയര്‍ത്തി. ആക്രമിച്ചു കളിച്ച സ്വിറ്റ്‌സര്‍ലന്‍ഡിനു വേണ്ടി 39ാം മിനിറ്റില്‍ ബല്ലാമന്‍ ഗോള്‍ മടക്കി.
ആദ്യപകുതിയില്‍ 5-4 ആയിരുന്നു സ്‌കോര്‍. 53ാം മിനിറ്റില്‍ വാഗ്‌നറുടെ ഹാട്രിക് ഗോളിലൂടെ ഓസ്ട്രിയ ലീഡ് വീണ്ടുമുയര്‍ത്തി. 60ാം മിനിറ്റില്‍ ജോസഫ് ഹുജിയുടെ ഹാട്രിക്. സ്‌കോര്‍ 6-5. സമനിലയ്ക്കായി പൊരുതിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് എറിക് പ്രോബ്സ്റ്റ് 76ാം മിനിറ്റില്‍ വലകുലുക്കി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ഗോളുകള്‍ പിറന്ന മല്‍സരമായി അതോടെ ആ ക്വാര്‍ട്ടര്‍ ഫൈനല്‍ മാറി.
എന്നാല്‍, ക്വാര്‍ട്ടറിലെ കുതിപ്പ് ആവര്‍ത്തിക്കാന്‍ ഓസ്ട്രിയക്കായില്ല. സെമിയില്‍ പശ്ചിമ ജര്‍മനിക്കു മുന്നില്‍ 6-1 എന്ന സ്‌കോറിന് ഓസ്്ട്രിയ മുട്ടുകുത്തി. കലാശപ്പോരാട്ടത്തില്‍ ഹംഗറിയെ തോല്‍പ്പിച്ച് പശ്ചിമ ജര്‍മനി കിരീടമണിയുകയും ചെയ്തു.
Next Story

RELATED STORIES

Share it