ഗെയില്‍: പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ഗെയിലിന്റെ കൊച്ചി-മംഗലാപുരം പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായി ഉദ്യോഗമണ്ഡലിലെ വര്‍ക്ക് യാര്‍ഡില്‍ നടക്കുന്ന പ്രവൃത്തികള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ക്രെയിന്‍ ഉപയോഗിച്ച് പൈപ്പുകളും യന്ത്രങ്ങളും ഉപകരണങ്ങളും കയറ്റുന്നതും ഇറക്കുന്നതുമടക്കമുള്ള പ്രവൃത്തികള്‍ക്ക് നോക്കുകൂലി ആവശ്യപ്പെട്ട് ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് സംഘ് (ബിഎംഎസ്) അടക്കമുള്ള സംഘടനകള്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഗെയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയത്.  പദ്ധതിയുടെ ഭാഗമായി പെരിയാര്‍ നദിക്ക് അടിയിലൂടെയും പൈപ്പിടേണ്ടതുണ്ടെന്നു ഹരജിയില്‍ ഗെയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വിവിധ യന്ത്രങ്ങളും ഉപകരണങ്ങളും വേണം. 12 മീറ്റര്‍ നീളം വരുന്ന ഒരു പൈപ്പിന് 3.3 ടണ്‍ തൂക്കം വരും. യന്ത്രങ്ങള്‍ക്ക് 50 കോടിയോളം രൂപ വിലയുണ്ട്. ഇതെല്ലാം ഉദ്യോഗമണ്ഡലിലെ വര്‍ക്ക് യാര്‍ഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയൊന്നും തൊഴിലാളികളുടെ ശാരീരിക അധ്വാനം കൊണ്ട് മാത്രം നീക്കാന്‍ കഴിയില്ല. ക്രെയിന്‍ പോലുള്ള യന്ത്രങ്ങള്‍ വേണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, തൊഴിലാൡസംഘടനകള്‍ യുക്തിസഹമല്ലാത്ത കൂലി ആവശ്യപ്പെടുകയാണ്. ഇതിന് ബിഎംഎസുകാര്‍ നോക്കുകൂലി ചോദിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it