Flash News

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടം 68% പോളിങ്‌

അഹ്മദാബാദ്: 68 ശതമാനം പോളിങോടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 89 മണ്ഡലങ്ങളില്‍ 977 സ്ഥാനാര്‍ഥികളാണ് ഇന്നലെ ജനവിധി തേടിയത്. വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സൂറത്ത് അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് വൈകി. ചെറിയ അനിഷ്ടസംഭവങ്ങള്‍ ഒഴിച്ചാല്‍ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. 2012ല്‍ 70.74 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ആകെയുള്ള 24,689 പോളിങ് സ്‌റ്റേഷനുകളില്‍ വിവിപാറ്റ് അടങ്ങുന്ന 27,158 ഇലക്ടോണിക് വോട്ടിങ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു. പട്ടേല്‍ സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള സൗരാഷ്ട്രയിലും സൗത്ത് ഗുജറാത്തിലെ കച്ച്, സുരേന്ദ്ര നഗര്‍, മോര്‍ബി, രാജ്‌കോട്ട്, ജാംനഗര്‍, ദ്വാരക, പോര്‍ബന്ദര്‍, ജുനഗഡ്, ഗിര്‍ സോമനാഥ്, അംറേലി, ഭാവ്‌നഗര്‍, നര്‍മദ, ബറൂച്ച്, സൂറത്ത്, താപി, ദംഗ്‌സ്, നവ്‌സാരി, വല്‍സാദ് തുടങ്ങിയ ജില്ലകളിലുമായി 2.123 കോടി സമ്മതിദായകരാണ് ഇന്നലെ വോട്ടവകാശം വിനിയോഗിച്ചത്. ആകെ 89ല്‍ 48 സീറ്റുകളാണ് സൗരാഷ്ട്രയില്‍ മാത്രമായുള്ളത്. 58 സ്ത്രീസ്ഥാനാര്‍ഥികളുണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 89 സീറ്റുകളിലും കോണ്‍ഗ്രസ് 86 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 442 പേരാണ്. മുഖ്യമന്ത്രി വിജയ് രൂപാണി മല്‍സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റ് ആയിരുന്നു ആദ്യഘട്ടത്തിലെ വിഐപി മണ്ഡലം. രാജ്‌കോട്ട് ഈസ്റ്റിലെ സിറ്റിങ് എംഎല്‍എയും വ്യവസായിയുമായ ഇന്ദ്രനീല്‍ രാജ്ഗുരുവാണ് രൂപാണിക്കെതിരേ നില്‍ക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഗുജറാത്തിലെ ബിജെപിയുടെ മുഖ്യനേതാവായ ജിദു വഗ്ഹാനി, ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ മേധാവി അര്‍ജുന്‍ മോദ്‌വാദിയ, സിദ്ധാര്‍ഥ് പട്ടേല്‍, ശക്തി സിങ് ഗോഹില്‍ എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാര്‍ഥികള്‍. ഈ മാസം 14നാണ് അവസാനഘട്ട വോട്ടെടുപ്പ്. രണ്ടു ഘട്ടങ്ങളിലായി 182 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it