palakkad local

ഗവ. മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം പ്രവേശനം നടത്താം

പാലക്കാട്: സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലെ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അഞ്ചാം വര്‍ഷ ബാച്ചിലേക്കുള്ള നൂറ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള അനുമതി എംസിഐ നിഷേധിച്ചിരുന്നു.
ഇതിനെതിരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശപ്രകാരം 2018-19 അക്കാദമിക് വര്‍ഷത്തേക്ക് രാജ്യത്തെ പുതിയ കോളജുകള്‍ക്ക് സമര്‍പ്പിച്ച 68 അപേക്ഷകളും സീറ്റ് വര്‍ധനവിനായി സമര്‍പ്പിക്കപ്പെട്ട 9അപേക്ഷകളും തുടര്‍ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട 82 അപേക്ഷകളും അടക്കം ആകെ 159 കോളജുകളുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. കേരളത്തില്‍ പാലക്കാട് മെഡിക്കല്‍ കോളജും 8 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കുമാണ് ഈ വര്‍ഷത്തേക്ക് അഡ്മിഷനുള്ള അനുമതി നിഷേധിക്കപ്പെട്ടത്. കേരളത്തില്‍ മാത്രം 1600ഓളം മെഡിക്കല്‍ സീറ്റുകളുടെ കുറവ് ഇതുകാരണം സംഭവിച്ചിട്ടുണ്ട്. 2018-19 അക്കാദമിക് വര്‍ഷം മുതല്‍ അഞ്ചാം ബാച്ച് എംബിബിഎസ് കോഴ്‌സുകള്‍ക്കുള്ള അംഗീകാരമാണ് ഈ വര്‍ഷം ലഭ്യമാക്കേണ്ടിയിരുന്നത്. ഇതിനായി സമയബന്ധിതമായി മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിക്കുകയും മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന 2017 ആഗസ്ത്, ഡിസംബര്‍ മാസങ്ങളിലായി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. 12.04.2018ന് ചേര്‍ന്ന എംസിഎ എക്‌സിക്യൂട്ടീവ് അഞ്ചാം ബാച്ചിനുള്ള അനുമതി നല്‍കുന്നതിനെതിരെ ശുപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മെയ് 31ന് എംസിഐ അനുമതി നിഷേധിച്ച് ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ ജൂണ്‍ 12 ന് മന്ത്രി എ കെ ബാലന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതും 76 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം സാധ്യമാകുന്നതുമായ പാലക്കാട് മെഡിക്കല്‍ കോളജിന് ഈ വര്‍ഷത്തെ തുടര്‍ അനുമതി ലഭ്യമാകുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കൂടാതെ, കേരള ഹൈക്കോടതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഈ വിഷയത്തില്‍ റിട്ട് ഹര്‍ജി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതി പാലക്കാട് മെഡിക്കല്‍ കോളജിലെ ഈ വര്‍ഷത്തെ നൂറ് സീറ്റിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി നല്‍കിയത്.
Next Story

RELATED STORIES

Share it