Idukki local

ഗതാഗത സൗകര്യമില്ലാതെ ആദിവാസി ഗ്രാമങ്ങള്‍

തൊടുപുഴ: അറക്കുളത്തെ ആദിവാസി ഗ്രാമങ്ങളായ ചക്കിമാലി, ഉറുമ്പുള്ള്, മുല്ലക്കാനം, കപ്പക്കാനം എന്നിവിടങ്ങളിലേക്കുള്ള ബോട്ട് സര്‍വീസ് നിലച്ചിട്ടു വര്‍ഷങ്ങള്‍. 250 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് പുറംലോകത്ത് എത്തണമെങ്കില്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. കുളമാവില്‍ നിന്നും ഇടുക്കി ജലാശയത്തിലൂടെയുള്ള ബോട്ട് സര്‍വീസായിരുന്നു ഏക യാത്രാമാര്‍ഗ്ഗം.
ബോട്ടുകള്‍ തകരാറിലായിട്ടു വര്‍ഷങ്ങളായി. മോട്ടോറുകളില്ലാതെ ഒരു ബോട്ട് കുളമാവിലും മറ്റൊന്ന് കണ്ണക്കയം കടവിലും കിടക്കുകയാണ്. ഇപ്പോള്‍ ചെറുവള്ളങ്ങളിലും ചങ്ങാടങ്ങളിലുമാണു ജനങ്ങള്‍ മറുകരയിലെത്തുന്നത്. ഇവിടത്തെ നാട്ടുകാര്‍ അറക്കുളം പഞ്ചായത്തില്‍പ്പെട്ടവരാണെങ്കിലും ഇവര്‍ ഇടുക്കി വില്ലേജിലും ഇടുക്കി താലൂക്കിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ ബോട്ടില്‍ കുളമാവിലെത്തി അവിടെ നിന്നു ബസിലാണ് ഇടുക്കി, അറക്കുളം പ്രദേശങ്ങളില്‍ എത്തിയിരുന്നത്. എന്നാല്‍ ബോട്ട് സര്‍വീസ് ഇല്ലാതായതോടെ വളവുകോട്, ഉപ്പുതറ വഴി പത്തു കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ചു ചോറ്റുപാറക്കുടി- മൂലമറ്റം വഴിയാണ് ആശുപത്രിയില്‍ പോകാനും ഓഫിസ് ആവശ്യങ്ങള്‍ക്കും എത്തുന്നത്.
യാത്രാ സൗകര്യമില്ലാത്തതു കൊണ്ട് 50 കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് ഭീമമായ വണ്ടിക്കൂലി കൊടുത്തുവേണം യാത്രചെയ്യാന്‍. യാത്രാസൗകര്യം ഇല്ലാത്തതുകൊണ്ട് ഈ മേഖലയിലെ കുട്ടികള്‍ ഹോസ്റ്റലിലും ബന്ധുക്കളുടെ വീടുകളിലും മറ്റും താമസിച്ചാണു പഠനം നടത്തുന്നത്. പഠനത്തിനു വന്‍തുക മുടക്കേണ്ടിവരുന്നതുകൊണ്ട് പലരും പഠനം ഉപേക്ഷിക്കുന്നുമുണ്ട്. ഇടുക്കി പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണു ഭൂരിഭാഗം പേരും. ഇവരുടെ സ്ഥലത്തിന് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. കൈവശരേഖ മാത്രമുള്ള ഇവര്‍ക്കു സ്ഥലം വിറ്റ് മറ്റു മേഖലകളിലേക്കു പോകാനും സാധിക്കുന്നില്ല.
വീടുകള്‍ പണിയാനും മറ്റും നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ വന്‍തുക മുടക്കണം. മുല്ലക്കാനത്ത് ഒരു വനിതാ തൊഴില്‍പരിശീലന കേന്ദ്രവും ഏകാധ്യാപക സ്‌കൂളും ഉറുമ്പെള്ളില്‍ കമ്യൂനിറ്റി ഹാളും മാത്രമാണ് ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് എസ്ടി ഫണ്ട് മുടക്കി 70 മീറ്റര്‍ റോഡ് ടാര്‍ ചെയ്തിട്ടുണ്ട്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ നിര്‍ദേശപ്രകാരമാണ് ഇവിടെ വൈദ്യുതി ലഭിച്ചത്. 90% ആളുകളും ഇവിടെ പട്ടികജാതി-വര്‍ഗ വിഭാഗക്കാരാണ്. ഇക്കാരണത്താല്‍ െ്രെടബല്‍ വകുപ്പില്‍ നിന്നു കൂടുതല്‍ സഹായം ലഭിക്കേണ്ടതാണ്. എന്നാല്‍ അവിടെ നിന്നും കാര്യമായ സഹായം ഇവിടേക്ക് എത്തുന്നില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്‌തെടുത്താല്‍ ഇവിടത്തുകാര്‍ക്ക് ആശ്വാസമാകും. തകരാറിലായ രണ്ടു ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ പണമില്ലാതിരുന്നതിനാല്‍ കരയ്ക്കു കയറ്റിയിടുകയായിരുന്നു.
ചക്കിമാലി, മുല്ലക്കാനം വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തിലായിരുന്നു ബോട്ട് സര്‍വീസ് നടത്തിയിരുന്നത്. തുടക്കത്തില്‍ എല്ലാ ദിവസവും നടത്തിക്കൊണ്ടിരുന്ന സര്‍വീസ് ഇന്ധനച്ചെലവു മൂലം ആഴ്ചയില്‍ മൂന്നു ദിവസമാക്കി. പിന്നീട് ഒരു ദിവസവുമാക്കി. ഇപ്പോള്‍ അതും ഇല്ല. 17 പേര്‍ക്കിരിക്കാവുന്ന ബോട്ടില്‍ ഒരാള്‍ക്കു പത്തു രൂപയായിരുന്നു ചാര്‍ജ്.
Next Story

RELATED STORIES

Share it