World

ഖത്തര്‍: രാജ്യം വിടാന്‍ എക്‌സിറ്റ് പെര്‍മിറ്റ് വേണ്ട

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്കു താല്‍ക്കാലികമായോ, സ്ഥിരമായോ രാജ്യംവിടാന്‍ ഇനി എക്‌സിറ്റ് പെര്‍മിറ്റിന്റെ ആവശ്യമില്ല. വിദേശികളുടെ രാജ്യത്തേക്കുള്ള പോക്കുവരവ്, താമസം നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള 2015ലെ നിയമം ഭേദഗതി വരുത്തിയാണു ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചരിത്രപരമായ തീരുമാനം അറിയിച്ചത്. ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഭേദഗതി ചെയുകയോ, പൂര്‍ണമായും ഒഴിവാക്കുകയോ ചെയുന്നതിന്റെ ആദ്യപടിയായാണു പലരും ഈ നിയമത്തെ നോക്കിക്കാണുന്നതെന്നും റിപോര്‍ട്ടുകളുണ്ട്. വര്‍ഷങ്ങളായി രാജ്യത്തെ വിദേശതൊഴിലാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമ ഭേദഗതികളാണ് അമീര്‍ പ്രഖ്യാപിച്ചത്. അതേസമയം, വിദേശികള്‍ക്കു സ്ഥിരസ്വഭാവത്തിലുള്ള താമസ വിസകള്‍ അനുവദിക്കുന്നതിനുള്ള ശൂറാ കൗണ്‍സില്‍ കരട് പ്രമേയത്തിനു ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കി. 20 വര്‍ഷക്കാലം താമസ വിസയില്‍ രാജ്യത്തു ജീവിച്ച വിദേശികള്‍ക്കു സ്ഥിരം താമസ വിസയ്ക്കായി അപേക്ഷിക്കാം. ഒരു കമ്പനിയില്‍ നിര്‍ണായക പദവികളിലിരിക്കുന്ന അഞ്ചു ശതമാനം തൊഴിലാളികള്‍ക്ക് തുടര്‍ന്നും എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായി വരും. ഇവരുടെ എണ്ണം മൊത്തം തൊഴിലാളികളില്‍ അഞ്ചു ശതമാനത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ ലിസ്റ്റ് തൊഴിലുടമകള്‍ക്കു തൊഴില്‍ മന്ത്രാലയത്തിനു കൈമാറാം. നിലവില്‍ തൊഴില്‍ നിയമത്തിന് കീഴില്‍ വരുന്ന തൊഴിലാളികള്‍ക്കു മാത്രമാണ് നിയമം ബാധകമാവുക.

Next Story

RELATED STORIES

Share it