Alappuzha local

ക്വട്ടേഷന്‍ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലി തര്‍ക്കം : ഡിവൈഎഫ്‌ഐയില്‍ പൊട്ടിത്തെറി



ആലപ്പുഴ: ക്വട്ടേഷന്‍ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനെ ചൊല്ലി ഡിവൈഎഫ്‌ഐയില്‍ പൊട്ടിത്തെറി. കരുവാറ്റയിലും കായംകുളത്തും നടന്ന ക്വട്ടേഷന്‍ കൊലപാതകത്തിലെ പ്രതികളെ ഡിവൈഎഫ്‌ഐ നേതൃത്വം സംരക്ഷിക്കുന്നു എന്നാരോപിച്ചു ഒരുവിഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൂടിയ കമ്മിറ്റിയിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു വാക്‌പോര് നടത്തിയത്. കായംകുളം കണ്ടല്ലൂര്‍ സ്വദേശി സുമേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കായംകുളത്തെ എസ്എഫ്‌ഐ നേതാവായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും എരുവ മേഖല കമ്മിറ്റി നേതാവിന്റെയും നേതൃത്വത്തില്‍ സംരക്ഷിക്കുകയാണെന്നും കേസിലെ പ്രതികളായ പ്രദീപ് ദേവസ്യ, കോണ്‍ഗ്രസ് അനുഭാവിയായ സൈഫ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ക്വട്ടേഷന്‍ നേതാവിന്റെ നിര്‍ദേശാനുസരണമാണ് കായംകുളം, എരുവ മേഖലാ  കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് കണ്ടല്ലൂര്‍ മേഖലാ കമ്മിറ്റി ആരോപിക്കുന്നത്. കൊല്ലപ്പെട്ട സുമേഷിനു വേണ്ടി കണ്ടല്ലൂര്‍ മേഖല കമ്മിറ്റിയും പ്രതികള്‍ക്ക് വേണ്ടി കായംകുളം, എരുവ മേഖല കമ്മിറ്റികളും നേര്‍ക്കുനേര്‍ നിന്നതോടെ കമ്മിറ്റി ഹാള്‍ വെല്ലുവിളിയും തെറിവിളിയുമായി ബഹളത്തില്‍  മുങ്ങുകയായിരുന്നു. ഇതോടെ ജില്ല പ്രസിഡന്റ് ഇടപെട്ടു കമ്മിറ്റി നിര്‍ത്തിവയ്ക്കുകയും ചെയ്തു. രംഗം വഷളായതോടെ കരുവാറ്റയിലെ ഉള്‍പ്പെടെ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ കമ്മിറ്റി  പിരിയുകയായിരുന്നു. കൊല്ലപ്പെട്ട സുമേഷ് കണ്ടല്ലൂരിലെ സിപിഎമ്മിനു പ്രിയങ്കരനായിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ സിപിഎം നേതൃത്വം അറിയാതെയാണ് കുട്ടിസഖാക്കന്‍മാര്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ ഇറങ്ങിതിരിച്ചരിക്കുന്നതെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫിസില്‍ നടന്ന സംഭവവികാസങ്ങളോടെയാണ് വിഷയം സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും ആത്മസംരക്ഷണത്തിനായി ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ കടന്നുകൂടുന്നതായി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസമുണ്ടായിരിക്കുന്നത്. എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും ക്രിമിനലുകള്‍ കടന്നുകൂടിയത് പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. കുട്ടി സഖാക്കന്‍മാരുടെ വഴിവിട്ട പോക്ക് ജില്ലയില്‍ സിപിഎം- സിപിഐ ബന്ധം തന്നെ തകര്‍ത്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it