Pathanamthitta local

ക്രഷറുകളിലെ മലിനജലം ശുദ്ധജലസ്രോതസ്സുകള്‍ക്കു ഭീഷണിയാവുന്നു

പത്തനംതിട്ട: ക്രഷറുകളിലെ മലിനജലം ശുദ്ധജലസ്രോതസ്സുകള്‍ക്കു ഭീഷണിയാവുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം: ദുരന്തനിവാരണവും മാധ്യമങ്ങളും എന്ന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രഷറുകളില്‍ പാറ കഴുകുന്ന വെള്ളമാണ് ഇത്തരത്തില്‍ കിണറുകളിലും മറ്റും എത്തുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തി  തുണിസഞ്ചികള്‍ ഉപയോഗിച്ചാല്‍ തന്നെ കൂടുതലും പത്തനംതിട്ടയെ കൂടുതല്‍ മാലിന്യമുക്തമാക്കാന്‍ സാധിക്കും.  തുമ്പൂര്‍മൂഴി പദ്ധതി ജില്ലയില്‍ പ്രാവര്‍ത്തികമായെങ്കിലും നഗരസഭയില്‍ എത്തുന്ന മാലിന്യങ്ങള്‍ തരംതിരിക്കാത്തത് കൂടുതല്‍ രോഗങ്ങള്‍ക്കു വഴിയൊരുക്കും. പമ്പാനദിക്കരയില്‍ നടത്തുന്ന വിവിധ കണ്‍വന്‍ഷനുകള്‍ കഴിയുമ്പോള്‍ പ്ലാസ്റ്റിക് ഉള്‍െപ്പട്ട മാലിന്യങ്ങള്‍ നദിയില്‍ നിറയുന്നത് ഒഴിവാക്കാന്‍ മതനേതാക്കള്‍ തീരുമാനമെടുക്കണം. ശബരിമലയിലായാലും മാരാമണ്ണിലായാലും പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ മതനേതാക്കള്‍ തന്നെ നല്‍കണമെന്ന് അലക്‌സാണ്ടര്‍ ജോര്‍ജ് പറഞ്ഞു. പരിസ്ഥിതി നിയമം വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല. നിയമലംഘനം നടത്തുന്നുവെന്നു ബോധ്യപ്പെട്ടാലും മലിനീകരണ നിയന്ത്രണ ബോര്‍ഡിനു പലപ്പോഴും ഒന്നും ചെയ്യാനാകില്ല. കേസെടുക്കണമെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെ അനുമതിക്കു കാത്തിരിക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it