kannur local

കോര്‍പറേഷന്റെ ആല റെഡി; കന്നുകാലികള്‍ക്ക് പിടിവീഴും

കണ്ണൂര്‍: നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് പൂട്ടിടാന്‍ കോര്‍പറേഷന്‍ നടപടിയെടുക്കുന്നു. നേരത്തെ കണ്ണൂര്‍ നഗരസഭ ആയിരുന്നപ്പോള്‍ ആലയില്ലാതിരുന്നത് കാരണം അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പാറക്കണ്ടിയിലെ നഗരസഭാ ഹെല്‍ത്ത് ഓഫിസിനോടു ചേര്‍ന്ന് ഒരു ആല പണികഴിപ്പിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിനു നടക്കും. ഇനിമുതല്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇവിടെ പിടിച്ചുകെട്ടും. നിശ്ചിത സമയത്തിനകം ഉടമസ്ഥന്‍ സമീപിച്ചാല്‍ പിഴചുമത്തി വിട്ടുകൊടുക്കും. ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ നിയമാനുസരണം കന്നുകാലികളെ ലേലം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പകല്‍സമയങ്ങളില്‍ റോഡുകളില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയും രാത്രിയായാല്‍ ബസ്്സ്റ്റാന്റ്, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവ കൈയേറുകയും ചെയ്യുന്ന കന്നുകാലികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.ഇതിനു പുറമെ, നഗരത്തിലും പ്രാന്തപ്രദേശങ്ങളില്‍ കുമിഞ്ഞുകൂടുന്ന അജൈവ മാലിന്യങ്ങള്‍ ശാസ്്ത്രീയമായി വേര്‍തിരിച്ച് റീസൈക്ലിങ് യൂനിറ്റുകളിലേക്ക് അയക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എംആര്‍എഫ്) സംവിധാനം കോര്‍പറേഷനിലെ ഏഴു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന പ്രവൃത്തി ദ്രുതഗതിയില്‍ നടന്നുവരുന്നതായി മേയര്‍ ഇ പി ലത അറിയിച്ചു. ആദ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം 18ന് ചേലോറയില്‍ നടക്കും. എംആര്‍എഫ് സെന്ററുകള്‍ പൂര്‍ണസജ്ജമാവുന്നതോടെ അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനാവും. കാല്‍ടെക്‌സില്‍ അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രം, സ്ത്രീകള്‍ക്ക് വിശ്രമകേന്ദ്രം എന്നിവ ഉള്‍പ്പെടെയുള്ള പേ ആന്റ് യൂസ് ശൗചാലയത്തിന്റെയും നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ ശൗചാലയ നിര്‍മാണ പ്രവൃത്തികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it