കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായി സൗരാഷ്ട്ര മേഖല

അഹ്മദാബാദ്: എക്കാലത്തും കോണ്‍ഗ്രസ്സിന്റെ ഗുജറാത്തിലെ ശക്തികേന്ദ്രമായിരുന്ന കച്ച്-സൗരാഷ്ട്ര മേഖല ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന്റെ ശക്തിപ്രകടനത്തിന്റെ നെടുംതൂണായി. ആകെയുള്ള 182 സീറ്റുകളില്‍ 59 സീറ്റുവരുന്ന മേഖലയില്‍ 32 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 2012ലെ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 27 സീറ്റുകളിലൊതുങ്ങി. കോണ്‍ഗ്രസ്സിന്റെ മറ്റൊരു ശക്തികേന്ദ്രമായ വടക്കന്‍ ഗുജറാത്തിലെ 32 മണ്ഡലങ്ങളില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. 2012ലെ തിരഞ്ഞെടുപ്പില്‍ കൂടെ നിന്ന മണ്ഡലങ്ങളൊന്നും നഷ്ടപ്പെടാതെ തന്നെ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ്സിനായി. വാദ്ഗാമിലെ സിറ്റിങ് സീറ്റില്‍ വിജയം ഉറപ്പാക്കിയ കോണ്‍ഗ്രസ് രാധാന്‍പൂര്‍, പത്താന്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ കൈക്കലാക്കി. ഈ രണ്ടു മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു വിജയം. പ്രധാനമന്ത്രി മോദിയുടെ നാടായ വാദ്‌നഗര്‍ ഉള്‍പ്പെടുന്ന മെഹ്്‌സാന ജില്ലയിലെ ഏഴില്‍ അഞ്ചു സീറ്റുകളില്‍ കഴിഞ്ഞ തവണ ബിജെപി ജയിച്ചിരുന്നെങ്കിലും ഇത്തവണ നാലു സീറ്റായി കുറഞ്ഞു. വംശഹത്യ ഏറ്റവും രൂക്ഷമായി ബാധിച്ച അഹ്മദാബാദ് ജില്ലയിലെ നഗരകേന്ദ്രങ്ങള്‍ ഇത്തവണയും ബിജെപിക്കൊപ്പം നിന്നു. എന്നാല്‍, ഗ്രാമീണ മേഖലകള്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. 98 സീറ്റുകളാണ് ഗുജറാത്തില്‍ ഗ്രാമീണ മേഖലകളിലുള്ളത്. ഇതില്‍ 67 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപി 54 സീറ്റുകള്‍ നേടി. എന്നാല്‍, നഗരകേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് 10 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ഇവിടെ ബിജെപി 46 സീറ്റുകള്‍ നേടി.
Next Story

RELATED STORIES

Share it