wayanad local

കോടികള്‍ വില വരുന്ന വീട്ടി മരങ്ങള്‍ കാണാതായ സംഭവംഅന്വേഷണം എങ്ങുമെത്തിയില്ല; അട്ടമറിക്കപ്പെടുന്നുവെന്ന് ആക്ഷേപം

മാനന്തവാടി: തവിഞ്ഞാല്‍ വില്ലേജിലെ പട്ടയഭൂമികളില്‍ നിന്നും കാണാതായ കോടിക്കണക്കിന് രൂപയുടെ വീട്ടിമരങ്ങള്‍ സംബന്ധിച്ച അന്വേഷണവും നടപടികളും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുമെങ്ങുമെത്തിയില്ല.പട്ടാളക്കാര്‍ക്കുള്‍പ്പെടെ പതിച്ചു നല്‍കിയ ഹെക്ടര്‍കണക്കിന് ഭൂമിയില്‍ നിന്നാണ് റിസര്‍വ്വ് ചെയ്യപ്പെട്ട മരങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തവിഞ്ഞാല്‍ വില്ലേജിലെ 68 ഒന്ന് ബി സര്‍വ്വെ നമ്പറില്‍ വരുന്ന 150 ഏക്കറോളം വരുന്ന സ്വകാര്യ എസ്‌റ്റേറ്റ് ഭൂമിയില്‍ 2012 ല്‍ വനം വകുപ്പിന്റെ കല്‍പ്പറ്റ ഫഌയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് വീട്ടി മരങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഒആര്‍ 2/2012 (തലപ്പുഴ) ആയി വനം വകുപ്പ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍  സ്ഥലത്ത് സര്‍ക്കാരിലെക്ക് നിര്‍ത്തിവെച്ച 3000 ത്തോളം വീട്ടി മരങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രദേശത്ത് മരങ്ങളൊന്നും തന്നെ അവശേഷിപ്പുണ്ടായിരുന്നില്ല.
ഇതോടെ മുറിച്ചു മാറ്റിയ വീട്ടിത്തടികള്‍ സ്ഥലത്ത് ഭൂമിക്കടിയില്‍ കുഴിച്ചിട്ടതായി സൂചനയുണ്ടായിരുന്നു. സ്ഥലം കുഴിച്ച് പരിശോധന നടത്താന്‍ റവന്യു വകുപ്പിന്റെ സഹായ മാവശ്യമെന്നതിനാല്‍ പരിശോധനക്കായി തഹസില്‍ദാറെ ചുമതലപ്പെടുത്തണമെന്നും എല്ലാ സഹായങ്ങളും വനം വകുപ്പ് നല്‍കാമെന്നും കാണിച്ചു കൊണ്ട് 2012 മാര്‍ച്ച് 13 ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാനന്തവാടി സബ്കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ മരം നഷ്ടപ്പെട്ടത് സംബന്ധിച്ച് യാതൊരു അന്വേഷണത്തിനും കാര്യമായ ഇടപെടല്‍ റവന്യുവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. കത്തിന് മറുപടിപോലും നല്‍കാന്‍ റവന്യുവകുപ്പ് തയ്യാറായതുമില്ല. ഏതാണ്ട് പത്ത് കോടിയോളം രൂപവിലവരുന്ന മരങ്ങളാണ് നഷ്ടപ്പെട്ടതെന്നായിരുന്നു വനം വകുപ്പിന്റെ കണക്ക്.
ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമുള്ള സ്വാകര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എസ്‌റ്റേറ്റാണെന്നതിനാലാണ് അന്വേഷണം എങ്ങുമെത്താതെ പോയത്. ഭൂവുടമയില്‍ നിന്നും മരംനഷ്ടപ്പെട്ടതിന്റെ പിഴയുള്‍പ്പെടെ തിരിച്ചു പിടിക്കാന്‍ നിയമവകുപ്പുകളുണ്ടെങ്കിലും ഇവിടെ അതും പ്രായോഗിക്കപ്പെട്ടില്ല. റവന്യു വകുപ്പിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിന്‍ബലത്തിലാണ് സര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപ നഷ്ടമായത്.
Next Story

RELATED STORIES

Share it