കോംട്രസ്റ്റ് ഏറ്റെടുക്കല്‍ സര്‍ക്കാര്‍ വിജ്ഞാപനമായി

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമായി. ലോ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥാണ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ്. ഇക്കഴിഞ്ഞ ഫെബ്രുവരി 1നാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. 2012 ജൂലൈ 25ന് നിയമസഭ ഏകകണ്ഠമായാണ് കോമണ്‍വെല്‍ത്ത് ട്രസ്റ്റ് കോഴിക്കോട് (ഏറ്റെടുക്കലും കൈമാറ്റവും) ബില്ല് 2012 അംഗീകരിച്ചത്.
നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വ്യവസായ മ്യൂസിയവും ഉല്‍പാദനകേന്ദ്രവും ആരംഭിക്കാന്‍ ഉദ്ദേശിച്ചാണ് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്. 2009 ഫെബ്രുവരി 1 മുതല്‍ കമ്പനി പൂട്ടിയ സാഹചര്യത്തിലാണ് 175 വര്‍ഷത്തിലേറെ പഴക്കമുള്ള കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയും സ്ഥലവും ഏറ്റെടുക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്. മാനേജ്‌മെന്റിന്റെയും ഒരുവിഭാഗം രാഷ്ട്രീയനേതാക്കളുടെയും എതിര്‍പ്പ് മറികടന്ന് സംയുക്ത കോംട്രസ്റ്റ് വീവിങ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരത്തിന്റെ വിജയമാണ് ഈ ഉത്തരവ്. ഫാക്ടറി സംരക്ഷിക്കാനായുള്ള തൊഴിലാളികളുടെ പോരാട്ടം 10ാം വര്‍ഷത്തിലേക്കു കടക്കുന്ന വേളയില്‍ തന്നെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതും.
എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ സി സതീശന്‍ ജനറല്‍ കണ്‍വീനറും ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍ രക്ഷാധികാരിയും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഗംഗാധരന്‍ ചെയര്‍മാനുമായ സമരസമിതിയാണ് 2009 മുതല്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കിയത്. സമരത്തിന് എല്ലാ പിന്തുണയുമായി എഐടിയുസി, സിപിഐ നേതൃത്വവും ഉണ്ടായിരുന്നു. ഫാക്ടറി പൂട്ടുമ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 180 പേരാണ് മാനേജ്‌മെന്റ് വ്യവസ്ഥകള്‍ അംഗീകരിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റി പിരിഞ്ഞത്. അവശേഷിച്ച 107 പേരാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നത്. ഇതില്‍ രണ്ടുപേര്‍ ഇതിനകം മരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ പ്രതിമാസ ആനുകൂല്യത്തിലാണ് തൊഴിലാളികള്‍ ജീവിതം തള്ളിനീക്കിയത്. ദുരിതം നിറഞ്ഞ ജീവിതം നയിക്കുമ്പോഴും സ്ഥാപനം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഇവരോരോരുത്തരും.
ഇതിനിടെ നെയ്ത്ത് ഫാക്ടറിയുടെ 1.63 ഏക്കര്‍ ഭൂമി മാനേജ്‌മെന്റിന്റെ സ്വകാര്യ സംരംഭമായ പ്യൂമിസ് പ്രൊജക്റ്റ്‌സ് ആ ന്റ് പ്രോപ്പര്‍ട്ടീസ് കൈക്കലാക്കിയിരുന്നു. സ്ഥലം കൈമാറ്റം പാടില്ലെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ഇതു നടന്നത്. ഒരു ടൂറിസം സൊസൈറ്റി 45 സെന്റ് ഭൂമിയും കൈക്കലാക്കി. ബില്ല് നിയമമാവുന്നതോടെ വിറ്റ സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ അതില്‍ വ്യവസ്ഥയുണ്ട്.
കോംട്രസ്റ്റ് ഏറ്റെടുത്ത് 2010 ജൂണ്‍ 9ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും നിയമസഭ അംഗീകരിച്ച ബില്ല് അയക്കണമെന്നായിരുന്നു രാഷ്ട്രപതിഭവനില്‍ നിന്നു ലഭിച്ച മറുപടി. തുടര്‍ന്ന് കോംട്രസ്റ്റ് ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനുള്ള ബില്ല് 2012 ജൂലൈ 25ന് നിയമസഭ പാസാക്കി. ഈ ബില്ല് ആഗസ്ത് 16നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ അനധികൃതമായി കൈമാറ്റം ചെയ്ത ഭൂമി അടക്കം 1.5547 ഹെക്റ്റര്‍ സ്ഥലം സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ഏറ്റെടുക്കും. ബില്ലിന് അംഗീകാരം ലഭിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it