Flash News

കേരള മാരിടൈം ബോര്‍ഡ് ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചു



തിരുവനന്തപുരം: കേരള നിയമസഭ 2014ല്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച കേരള മാരിടൈം ബോര്‍ഡ് ബില്ല് പിന്‍വലിക്കണമെന്ന നിര്‍ദേശത്തോടെ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. ഇക്കാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. പുനപ്പരിശോധന നിര്‍ദേശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബില്ല് മടക്കിയതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ ബില്ല് പിന്‍വലിക്കാന്‍ നിയമസഭയോട് നിര്‍ദേശിച്ചത്. ഭരണഘടനയുടെ 201ാം അനുച്ഛേദം അനുസരിച്ചാണു നടപടി.ബില്ലിലെ വ്യവസ്ഥകളില്‍ ചിലതു കേന്ദ്ര നിയമത്തിലെ വകുപ്പുകളുമായി പരസ്പരവിരുദ്ധവും ആവര്‍ത്തനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതി മടക്കിയത്. പുനപ്പരിശോധനയ്ക്കായി രാഷ്ട്രപതി നിര്‍ദേശിച്ച ബില്ല് പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍ മടക്കിയതില്‍ അസ്വാഭാവികതയുണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബില്ല് ഒന്നുകില്‍ റദ്ദാക്കാം. അല്ലെങ്കില്‍ അംഗീകരിക്കാം. അതല്ലാതെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത് ഭരണഘടനാവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇവിടെ രാഷ്ട്രപതിയുടെ നിര്‍ദേശമാണോ ഗവര്‍ണറുടെ നിര്‍ദേശമാണോ പാലിക്കേണ്ടതെന്ന വിഷയമുണ്ടെന്നും പറഞ്ഞു. ഗവര്‍ണറുടെ തീരുമാനം സഭയെ അറിയിക്കുന്നതല്ലാതെ ചര്‍ച്ച നടത്തുന്ന കീഴ്‌വഴക്കമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍, പുനപ്പരിശോധനയില്‍ പെടുന്നതാണ് പിന്‍വലിക്കലെന്നും അങ്ങനെ നിര്‍ദേശിക്കുന്നതില്‍ തെറ്റില്ലെന്നും നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. നിയമോപദേശം തേടിയ ശേഷമാണ് ഗവര്‍ണര്‍ ഇതു ചെയ്‌തെന്നും നിയമവകുപ്പിനെ വിവരം അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുകിട തുറമുഖങ്ങളെ നിയന്ത്രിക്കാനായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേരള മാരിടൈം ബോര്‍ഡ് ബില്ല് നിയമസഭ പാസാക്കിയത്. തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പറേഷന്‍ എന്നിവ ലയിപ്പിച്ച് ബോര്‍ഡ് രൂപീകരിക്കാനുള്ളതായിരുന്നു നിയമം. ബില്ല് സഭയില്‍ അവതരിച്ചപ്പോള്‍ തന്നെ അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് ബില്ലിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നും എല്‍ഡിഎഫ് ആരോപിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ അന്നു പാസാക്കിയ ബില്ലാണ് ഇപ്പോള്‍ ഗവര്‍ണര്‍ തിരിച്ചയച്ചത്.
Next Story

RELATED STORIES

Share it