palakkad local

കേരളോല്‍സവം: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍

പാലക്കാട്: നാലുദിവസങ്ങളിലായി പാലക്കാട് നടന്ന കേരളോല്‍സവത്തിന് കൊടിയിറങ്ങി. 307 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. 282 പോയിന്റോടെ തൃശ്ശൂര്‍ ജില്ല രണ്ടാം സ്ഥാനവും 272  പോയിന്റോടെ, കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാമേളയില്‍ 160 പോയിന്റോടെ മലപ്പുറം ജില്ല ഒന്നാമതെത്തി. 154 പോയിന്റുമായി കാസര്‍കോഡ് ജില്ല രണ്ടും, 138 പോയിന്റോടെ തൃശ്ശൂര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഇത്തവണ ആദ്യമായാണ് കലാമേളും കായികമേളയും രണ്ടായി സംഘടിപ്പിച്ചത്. കായികമേളയിലും തിരുവനന്തപുരം ജില്ല തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ്. സംസ്ഥ.നത്തെ മികച്ച യൂത്ത് ക്ലബ്ബുകള്‍ക്കും ഇത്തവണ ആദ്യമായാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.  മികച്ച
ക്ലബ്ബുകള്‍ക്ക് യഥാക്രമം  ഒരു ലക്ഷം രൂപ, 75,000, 50,000 എന്നിങ്ങനെയാണ് നല്‍കിയത്. പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ അത്‌ലറ്റിക് ക്ലബ്ബ് മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു.  പ്രശസ്ത കായികതാരം പി യു ചിത്ര അംഗമായ ക്ലബ്ബാണ് മുണ്ടൂര്‍ അത്‌ലറ്റിക് ക്ലബ്ബ്.
കണ്ണൂര്‍ ജില്ലയിലെ യൂനിവേഴ്‌സല്‍ ക്ലബ്ബ് രണ്ടാം സ്ഥാനവും വയനാട് ജില്ലയിലെ തലക്കല്‍ ചന്തു സ്‌കൂള്‍ ഓഫ് ആര്‍ച്ചറി ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇടുക്കി ജില്ലയിലെ ബാലു അനില്‍ കലാപ്രതിഭയും എറണാകുളം ജില്ലയിലെ റൊവീന ജെയിംസ് കലാതിലകവുമായി. വിജയികള്‍ക്ക് പി കെ ബിജു എംപി  സമ്മാനങ്ങള്‍  വിതരണം  ചെയ്തു.
വിക്‌ടോറിയ കോളജ് മൈതാനത്തെ പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനം പി കെ ബിജു എംപി ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു ചടങ്ങില്‍ അധ്യക്ഷനായി.  യുവജനക്ഷേമ ബോര്‍ഡംഗം വി പി റജീന, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, യുവജനക്ഷേമ ബോ ര്‍ഡംഗങ്ങളായ എസ് സന്തോഷ്‌കാല, മെംബര്‍ സെക്രട്ടറി ആര്‍ എസ് കണ്ണന്‍, ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ ടി എ ശശി സംസാരിച്ചു. സമാപന സമ്മേളനത്തെ തുടര്‍ന്ന് തൃശ്ശൂര്‍ കരിന്തലക്കൂട്ടത്തിന്റെ  നാടന്‍ പാട്ട് പരിപാടിയും അരങ്ങേറി.
Next Story

RELATED STORIES

Share it