Flash News

കെട്ടിടത്തിന് പ്രവര്‍ത്തനാനുമതിയില്ല; ദമ്മാമില്‍ സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടി -ബദല്‍ സംവിധാനമൊരുക്കുമെന്ന് മാനേജ്‌മെന്റ്

കെട്ടിടത്തിന് പ്രവര്‍ത്തനാനുമതിയില്ല; ദമ്മാമില്‍ സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടി -ബദല്‍ സംവിധാനമൊരുക്കുമെന്ന് മാനേജ്‌മെന്റ്
X


ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. അല്‍ ഖോബാര്‍ റാക്കയില്‍ മലയാളി മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഷൈന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളാണ് വിദേശ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി പുതുക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയതായി രക്ഷിതാക്കളെ അറിയിച്ചത്. ഇതോടെ ആയിരത്തോളം വിദ്യാര്‍ഥികളുടെ തുടര്‍പഠനം ആശങ്കയിലായിരിക്കുകയാണ്. മാര്‍ച്ച് 15ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വൈകി 26നാണ് സ്‌കൂള്‍ തുറന്നത്. അതിനിടെ പാഠപുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്തു. മിക്ക രക്ഷിതാക്കളും പുതിയ അധ്യയന വര്‍ഷത്തെ ഒന്നാംഘട്ട ഫീസും അടച്ചിരുന്നു. സൗദിയിലെ നിലവിലെ തൊഴില്‍, സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന പ്രവാസികള്‍ക്ക് കൂനിന്മേല്‍ കുരുവെന്ന പോലെയാണ് പ്രശ്‌നം വന്നുപെട്ടത്. ഇതിനോടകം ഇതര സ്‌കൂളുകളില്‍ പഠനം ആരംഭിച്ചതിനാല്‍ ആശങ്കയിലായ രക്ഷിതാക്കള്‍ ഇന്ന് കാലത്ത് സ്‌കൂള്‍ അധികൃതരെ സമീപിച്ച് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ബിമല്‍, സുജാത് സുധീര്‍, ഫൈസല്‍, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിന്‍സിപ്പല്‍ ലെഫ്. ഗൗതം ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരുമായി വിദേശ വിദ്യാഭ്യാസ മന്ത്രാലയം കിഴക്കന്‍ പ്രവിശ്യാ കാര്യാലയ പ്രതിനിധികളായ ഹുസയ്ന്‍ അല്‍ മഖ്ബൂല്‍, ഖാലിദ് അബ്ദുല്ല എന്നിവര്‍ ചര്‍ച്ച നടത്തുകയും വിദ്യാര്‍ഥികള്‍ക്ക് ദമ്മാമിലെ മറ്റു രണ്ട് സ്‌കൂളുകളില്‍ തുടര്‍പഠനത്തിന് സംവിധാനമൊരുക്കുമെന്നും അറിയിച്ചതായാണ് വിവരം. കൂടാതെ പാഠപുസ്തകങ്ങള്‍, യൂനിഫോം എന്നിവ തിരിച്ചു നല്‍കുന്ന മുറയ്ക്ക് പണം നല്‍കുമെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി. ഏപ്രില്‍ മാസത്തെ ട്യൂഷന്‍ ഫീ അടച്ചവര്‍ക്ക് തിരിച്ചു നല്‍കും. ടിസി അനുവദിക്കുന്നതിന് പ്രത്യേക പണം ഈടാക്കുകയുമില്ല. അതേസമയം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരിട്ട പ്രയാസത്തില്‍ ഖേദം പ്രകടിപ്പിച്ച മാനേജ്‌മെന്റ്, കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കുന്ന പക്ഷം അന്നേരം ലഭ്യമായ വിദ്യാര്‍ഥികളെ വച്ച് സ്‌കൂള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രതികരിച്ചു.
Next Story

RELATED STORIES

Share it