കെഎസ്്ആര്‍ടിസി പാലക്കാട്, മലപ്പുറം സര്‍വീസുകള്‍ വെട്ടിക്കുറച്ചു

കോഴിക്കോട്: നഷ്ടം കുറയ്ക്കാനുള്ള നടപടികളുടെ പേരില്‍ കെഎസ്ആര്‍ടിസി പാലക്കാട് ഭാഗത്തേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചു. രാത്രി 11 മണിക്കു ശേഷം സര്‍വീസ് കുറവായ ഈ റൂട്ടിലുള്ള സര്‍വീസുകള്‍ തന്നെ ഒഴിവാക്കിയത് മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട് ഭാഗത്തേക്കുള്ള നൂറുകണക്കിനു യാത്രക്കാര്‍ക്ക് തിരിച്ചടിയായി. പുതിയ തീരുമാനപ്രകാരം പാലക്കാട് ഭാഗത്തേക്ക് രാത്രി 10 മണിക്കു ശേഷം ഒരു മണിക്കൂര്‍ ഇടവിട്ടു മാത്രമാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.
മുമ്പ് രാത്രി 10 മുതല്‍ 1 മണി വരെ എട്ടോളം ബസ്സുകള്‍ ഓടിയിരുന്ന ഈ പാതയില്‍ ഇപ്പോള്‍ മൂന്നു ബസ്സുകള്‍ മാത്രമാണ് അധികൃതര്‍ അനുവദിച്ചത്. ഇതു കാരണം കോഴിക്കോട് ബസ്‌സ്റ്റാന്റില്‍ നിന്നു ബസ് പുറപ്പെടുമ്പോള്‍ തന്നെ യാത്രക്കാര്‍ നിറയുന്ന അവസ്ഥയാണുള്ളത്. മീഞ്ചന്ത, രാമനാട്ടുകര തുടങ്ങിയ തൊട്ടടുത്ത സ്റ്റോപ്പുകളില്‍ നിന്നുപോലും തിരക്കു കാരണം യാത്രക്കാര്‍ക്ക് കയറാനാവുന്നില്ല. പാലക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ നഷ്ടത്തിന്റെ പേരില്‍ വെട്ടിക്കുറച്ച കെഎസ്ആര്‍ടിസി, തെക്കന്‍ ജില്ലകളിലേക്കുള്ള സര്‍വീസില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
അഞ്ചു മിനിറ്റ് ഇടവേളയില്‍ തൃശൂര്‍-എറണാകുളം ഭാഗത്തേക്ക് ബസ്സുകളുണ്ട്. പാലാ, പത്തനാപുരം ഭാഗത്തേക്കു മാത്രം രാത്രി 10നും 11നും ഇടയില്‍ അഞ്ചു ബസ്സുകള്‍ ഓടുന്നുണ്ട്. ഇവയില്‍ പലതും പകുതിയില്‍ താഴെ യാത്രക്കാരെ വെച്ചാണ് ഓടുന്നത്. അതേസമയം, യാത്രക്കാര്‍ ഏറെയുള്ള പാലക്കാട് റൂട്ടില്‍ രാത്രി 10നും 11നും ഇടയില്‍ ഒരു ബസ് മാത്രമാണ് അനുവദിച്ചത്.
രാത്രി 10നു ശേഷം നിലമ്പൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. കിഴക്കന്‍ മേഖലയിലേക്കുള്ള രാത്രിയാത്രക്കാരെ കെഎസ്ആര്‍ടിസി പൂര്‍ണമായും അവഗണിക്കുകയാണ്. പ്രധാന പട്ടണമായ മഞ്ചേരിയിലേക്ക് രാത്രി 10നു ശേഷം ഒരു ബസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ഡിപ്പോയില്‍ നിന്നു മറ്റിടങ്ങളിലേക്കെല്ലാം ബസ് അനുവദിക്കുമ്പോഴാണ് പാലക്കാട്, മഞ്ചേരി, നിലമ്പൂര്‍ മേഖലയിലെ യാത്രക്കാരോട് കെഎസ്ആര്‍സിടി അധികൃതര്‍ അവഗണന തുടരുന്നത്.

Next Story

RELATED STORIES

Share it