ernakulam local

കൂടുതല്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ ദുരന്തത്തിന് സാധ്യതയെന്ന് പോലിസ്

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറിയില്‍ കൂടുതല്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് സാധ്യതയെന്ന് പോലിസ് റിപോര്‍ട്ട്. ഇത് സംബന്ധിച്ച് ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ അനീഷ് കുമാര്‍ നഗരസഭ ഡെപ്യൂട്ടി സെക്രട്ടറിക്ക് കത്ത് നല്‍കി. കൂടുതല്‍ ബോട്ട് സര്‍വീസ് നടത്തുകയോ അല്ലെങ്കില്‍ നിലവിലെ സര്‍വീസിന്റെ സമയദൈര്‍ഘ്യം കുറച്ച് യാത്രക്കാര്‍ക്ക് ഇരു കരകളിലേക്കും പെട്ടെന്ന് എത്തുവാനുള്ള സൗകര്യം ഒരുക്കണമെന്ന് കത്തില്‍ പറയുന്നു. ഇതിന് പുറമേ ഫെറി കൗണ്ടറില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കുന്നതിന് ക്യൂ നില്‍ക്കത്തക്ക രീതിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം യാത്രക്കാര്‍ ടിക്കറ്റ് കൗണ്ടറിലേക്ക് തള്ളിക്കയറുകയും അപകടത്തിന് കാരണമാവുകയും ചെയ്യുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ജെട്ടിയിലേക്കുള്ള വഴിയില്‍ വെളിച്ചക്കുറവുള്ളതിനാല്‍ അവിടെ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുകയും അത് യാത്രക്കാര്‍ക്ക് ഭീഷണിയാവാനും സാധ്യതയുണ്ട്. ഇരു ജെട്ടികളിലും യാത്രക്കാര്‍ക്ക് കയറുവാനും ഇറങ്ങുവാനും സുരക്ഷിതമായ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ക്ക് കാരണമാവുമെന്നും ഇത്തരം കാര്യങ്ങളില്‍ നഗരസഭ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പോലിസ് നല്‍കിയ കത്തില്‍ പറയുന്നു. ജങ്കാര്‍ സര്‍വീസ് നിര്‍ത്തുകയും ഒരു ബോട്ട് മാത്രം സര്‍വീസ് നടത്തുകയും ചെയ്യുന്നതിനാല്‍ രൂക്ഷമായ യാത്രാക്ലേശമാണ് ഇവിടെ അനുഭവപ്പെടുന്നത്. ക്രിസ്മസ് പുതുവല്‍സരാഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ സാഹചര്യമുള്ള പശ്ചാത്തലത്തിലാണ് പോലിസ് നഗരസഭയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ബോട്ട് അരമണിക്കൂര്‍ ഇടവേളയിലാണ് സര്‍വീസ് നടത്തുന്നത്. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതിലേറെ യാത്രക്കാരാണ് ഓരോ സര്‍വീസിലും കയറുന്നത്. പലപ്പോഴും രണ്ട് സര്‍വീസിന് ശേഷമാണ് യാത്രക്കാര്‍ക്ക് അക്കരെയെത്താന്‍ കഴിയുന്നത്. ഇതുമൂലം ടിക്കറ്റ് കൗണ്ടറിലും യാത്രക്കാര്‍ തമ്മില്‍ ബഹളം പതിവാണ്. ഈ സാഹചര്യത്തില്‍ നഗരസഭ പോലിസ് സാന്നിധ്യം ആവശ്യപ്പെട്ട് നല്‍കിയ കത്തിന് മറുപടിയായാണ് റിപോര്‍ട്ട് നല്‍കിയത്.
Next Story

RELATED STORIES

Share it