കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ ശ്വാസംമുട്ടി രണ്ട് യുവാക്കള്‍ മരിച്ചു

മണ്ണഞ്ചേരി(ആലപ്പുഴ): കിണറിനുള്ളിലെ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ ശ്വാസംമുട്ടി രണ്ടുപേര്‍ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 11ാം വാര്‍ഡില്‍ പാന്തേഴത്തുവെളിയില്‍ അനില്‍കുമാറിന്റെ മകന്‍ അമല്‍(18), മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ തിരുവിഴ മേനോന്‍തോപ്പില്‍ ഗിരീഷ്(38) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്കുള്ള സഞ്ചാരമധ്യേയാണ് മരണം. ഒപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി നടുവത്തേഴത്ത് വീട്ടില്‍ ജിത്ത്(50), മണ്ണഞ്ചേരി പേനത്തുവെളിയില്‍ മഹേഷ്(23) എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ തുറവശ്ശേരിയില്‍ ഹമീദ്കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കക്കാ ചൂളയിലായിരുന്നു രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. ചൂളയുടെ മുന്‍വശത്തുള്ള കിണറിനുള്ളിലാണ് നാല് മീറ്റര്‍ താഴ്ചയില്‍ കുഴല്‍ക്കിണര്‍ താഴ്ത്താന്‍ ശ്രമിച്ചത്. കിണറിനുള്ളില്‍ രണ്ട് റിങ് ഉയരത്തില്‍ മാത്രമാണ് ജലസാന്നിദ്ധ്യമുള്ളത്. പരിശോധനയില്‍ കിണറിനുള്ളില്‍ ചളി നിറഞ്ഞതായി മനസ്സിലാക്കിയ തൊഴിലാളികള്‍ വടം കെട്ടിയാണ് ഇറങ്ങിയത്. ആദ്യം ഗിരീഷും തുടര്‍ന്ന് അമലും കിണറിനുള്ളിലെ ചളിയില്‍ താഴുകയായിരുന്നു. കുഴല്‍ക്കിണറില്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി ഇരുവരും അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാന്‍ ജിത്തും മഹേഷും ശ്രമിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജിത്തും ചളിയില്‍ താഴ്ന്നുപോയി. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് മൂവരേയും പുറത്തെടുത്തത്. ഗിരീഷിന്റെ മാതാവ് ഭാനുമതി, സഹോദരി ഗീതാകുമാരി, അമലിന്റെ മാതാവ് സിന്ധു. സഹോദരന്‍: അഖില്‍. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകീട്ടോടെ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it