malappuram local

കുറ്റിപ്പുറത്ത് ആയുധശേഖരം കണ്ടെടുത്ത സംഭവം: മിനി പമ്പയില്‍ സുരക്ഷ കര്‍ശനമാക്കി

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ മിനി പമ്പയില്‍ നിന്നു ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. മകരവിളക്ക് മഹോല്‍സവം കഴിയുന്ന ജനുവരി 18 വരെ ആയിരകണക്കായ അയ്യപ്പ ഭക്തരാണ് യാത്രാമധ്യേ കുളിക്കാനും വിശ്രമിക്കാനുമായി ഭാരതപ്പുഴയോരത്തെ മല്ലൂര്‍ ക്ഷേത്രക്കടവിലെ മിനി പമ്പയിലെത്താറുള്ളത്. അഞ്ച് ദിവസങ്ങള്‍ക്കു മുമ്പാണ് കുളിക്കടവിന് ഏതാനും മീറ്ററിനടുത്ത് നിന്നു പട്ടാളക്കാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള അഞ്ച് മൈനുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിനടുത്തുനിന്നു തന്നെയായിരുന്നു ഇന്നലെ വെടിയുണ്ടകള്‍ അടക്കമുള്ള വന്‍ ആയുധ ശേഖരം കണ്ടെത്തിയത്.
നേരത്തെ പുഴയില്‍നിന്നു മൈനുകള്‍ വളാഞ്ചേരിയില്‍ താമസിക്കുന്ന ഇതരസംസ്ഥാനക്കാരനായ ഒരു യുവാവാണ് കണ്ടെത്തിയത്. ഇയാള്‍ പോലിസിന്റെ കസ്റ്റഡിയിലാണെന്നാണറിയുന്നത്. ഈ മൈനുകള്‍ ദിവസങ്ങള്‍ക്കു മുമ്പ് പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ കണ്ടിരുന്നെന്നും അവര്‍ അവ വെള്ളത്തില്‍ നിന്നെടുത്ത് പുഴയിലെ മണലില്‍ ഉപേക്ഷിച്ചതാണെന്നും കുട്ടികള്‍ പറഞ്ഞതായാണറിയുന്നത്. ഈ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇന്നലെ തിരൂര്‍ ഡിവൈഎസ്പി ഉല്ലാസിന്റെ നേതൃത്വത്തില്‍ പുഴയില്‍ വ്യാപക പരിശോധന നടത്തിയതും വെടിയുണ്ടകള്‍ കണ്ടെടുത്തതും.
ആയുധം കണ്ടെടുത്ത സംഭവം വര്‍ഗീയ ധ്രുവീകരണത്തിനും കലാപമുണ്ടാക്കുന്നതിനുമായി ഉപയോഗപ്പെടുത്തുക എന്ന കുബുദ്ധിയോടെ ചില കേന്ദ്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ആയുധ ശേഖരത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവാണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it