Kottayam Local

കുമ്മനത്തെ വീടാക്രമം : എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഒന്നാം പ്രതി; മൂന്നു പേര്‍ റിമാന്‍ഡില്‍



കോട്ടയം: കുമ്മനത്തു വീടാക്രമിച്ച സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് രാജുഭവനില്‍ പ്രിന്‍സ് ആന്റണി (23), ഇടുക്കി ദേവികുളം സ്വദേശി ജെയിന്‍ രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിന്‍ഘോഷ് (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നുപേരും നാട്ടകം ഗവ. കോളജിലെ വിദ്യാര്‍ഥികളും എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരുമാണെന്നു പോലിസ് അറിയിച്ചു. ഇതില്‍ സിനു ചങ്ങനാശ്ശേരിയില്‍ തിയേറ്ററില്‍ വച്ച് പോലിസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. നേതാക്കന്മാര്‍ക്കെതിരേ ആക്രമണം നടക്കുന്നുവെന്നറിഞ്ഞാണ് സംഭവ സ്ഥലത്തെത്തിയതെന്നാണു പിടിയിലായവര്‍ പോലിസിനോട് പറഞ്ഞത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിനെ ഒന്നാം പ്രതിയാക്കിയാണു പോലിസ് കേസെടുത്തിരിക്കുന്നത്. ഇവരുള്‍പ്പടെ 20ഓളം പേര്‍ക്കെതിരേയാണു കേസ്. സംഭവത്തിനു ശേഷം റിജേഷ് ഇപ്പോള്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് റിജേഷിനെ അറസ്റ്റ് ചെയ്യുമെന്ന് വെസ്റ്റ് എസ്‌ഐ എം ജെ അരുണ്‍ അറിയിച്ചു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായതായും പോലിസ് അറിയിച്ചു. വെസ്റ്റ് എസ്‌ഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. പോലിസിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാണ് റിജേഷ് ആശുപത്രിയില്‍ അഭയം തേടിയതെന്നാണു ലഭിക്കുന്ന വിവരം.ശനിയാഴ്ച രാത്രി 10ന് കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡില്‍ വഞ്ചിയത്ത് പി കെ സുകുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തില്‍ വീടാക്രമിച്ചെന്നാണു വീട്ടുകാര്‍ പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ആക്രമണം നടന്നയുടന്‍ വീട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് അക്രമികള്‍ വീടിനു സമീപത്തേക്കു പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍, മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍, നാല് ബൈക്കുകള്‍, സ്വീകരണ മുറിയിലെ ടീപ്പോ, കസേര എന്നിവയെല്ലാം തകര്‍ന്നിട്ടുണ്ട്. വെസ്റ്റ് പോലിസിനു നല്‍കിയിരുന്ന പരാതിക്കു പുറമേ മൂന്നു തവണയായി നടന്ന ആക്രമണത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച് വീട്ടുടമ ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രനും പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയില്‍ സുകുവിന്റെ സഹോദരന്റെ മകളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നില്‍ ഏറെനേരമായി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടണമെന്ന് സുകുവിന്റെ മരുമകന്‍ സുജിനെത്തി കാറിലുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇതു നിരസിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളുമായി. പിരിഞ്ഞുപോയ സംഘം കൂടുതല്‍ ആളുകളുമായെത്തി ആക്രമിക്കുകയായിരുന്നു. സുജിന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ചും കാര്‍ കേടുവരുത്തി. സുകുവിന്റെ സ്‌കൂട്ടര്‍ മകന്‍ സുബിന്റെ ബുള്ളറ്റ്, സുകുവിന്റെ സഹോദരന്‍ രഘുവിന്റെ സ്‌കൂട്ടര്‍, ബന്ധു തിരുവാതുക്കല്‍ വടുതലപറമ്പില്‍ മുകേഷിന്റെ ബൈക്ക് എന്നിവയും തകര്‍ത്ത ശേഷമാണ് സംഘം മടങ്ങിയത്.
Next Story

RELATED STORIES

Share it