കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ പാപ്പര്‍ ഹരജി: കോടതി റിസീവറെ നിയമിച്ചു

കോട്ടയം: ജില്ല കേന്ദ്രീകരിച്ച് സ്വര്‍ണാഭരണ, ചിട്ടി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് പാപ്പര്‍ ഹരജി സമര്‍പ്പിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ക്കായി കോടതി ഒഫീഷ്യല്‍ റിസീവറെ നിയമിച്ചു. അഡ്വ. വിനോദ് കുമാറിനെയാണ് റിസീവറായി നിയമിച്ചത്. പാപ്പര്‍ ഹരജിയില്‍ റിസീവറെ നിയമിച്ച കോടതി, സ്ഥാപന ഇടപാടുകാര്‍ക്ക് സമന്‍സ് അയച്ചു. നടപടികള്‍ അവസാനിക്കും വരെ ജ്വല്ലറി ഉടമയ്ക്കും കുടുംബത്തിനും നിലവില്‍ താമസിക്കുന്ന വീട്ടില്‍ തുടരാനും കോടതി അനുമതി നല്‍കി.
കഴിഞ്ഞ 70 വര്‍ഷമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് കടുത്ത സാമ്പത്തികബാധ്യതകളെ തുടര്‍ന്നാണ് പാപ്പര്‍ ഹരജി സമര്‍പ്പിച്ചത്. ആകെ 136 കോടി രൂപയുടെ ബാധ്യതയാണ് കുന്നത്തുകളത്തില്‍ ഗ്രൂപ്പിനുള്ളത്. കുന്നത്തുകളത്തില്‍ ജ്വല്ലേഴ്‌സില്‍ 110 കിലോഗ്രാം സ്വര്‍ണം നിലവിലുണ്ട്. ഇതിനു പുറമേ ഭൂമി, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ 65.55 കോടി രൂപയുടെ ആസ്തിയാണ് ഗ്രൂപ്പിനുള്ളതെന്നു ഗ്രൂപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു.
കമ്പനികളെയും വ്യക്തികളെയും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം തുടങ്ങിയാല്‍ 180 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. അതിനിടെ, കുന്നത്തുകളത്തില്‍ ഫിനാന്‍സിലും ചിട്ടി ഫണ്ട്‌സിലും പണം നിക്ഷേപിച്ച് നഷ്ടപ്പെട്ടവര്‍ കോട്ടയത്ത് സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ നഷ്ടമായവര്‍ ഇക്കൂട്ടത്തിലുണ്ട്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വീട് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ചിട്ടിയില്‍ ചേരുകയും പണം നിക്ഷേപിക്കുകയും ചെയ്ത നൂറുകണക്കിനാളുകളാണ് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ലയണ്‍സ് ക്ലബ് ഹാളില്‍ ഒത്തുചേര്‍ന്നത്. 16 ശതമാനം പലിശയെന്ന വാഗ്ദാനത്തില്‍ ആകൃഷ്ടരായാണ് പലരും പണം നിക്ഷേപിച്ചത്. എന്നാല്‍, സ്ഥാപനം പൂട്ടിയ വാര്‍ത്ത പുറത്തുവന്നതോടെ ആളുകള്‍ പരിഭ്രാന്തരായെത്തുകയായിരുന്നു. സ്ഥാപന ഉടമകള്‍ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തതായി അറിഞ്ഞതോടെയാണ് സമരമാര്‍ഗങ്ങളിലേക്കു കടക്കുന്നതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.
ഇന്ന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ യോഗവും നാളെ കലക്ടറേറ്റ് മാര്‍ച്ചും നടത്താനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
Next Story

RELATED STORIES

Share it