malappuram local

കുതിരലായം തകര്‍ത്ത സംഭവം; പോലിസ് റിപോര്‍ട്ട് നല്‍കി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രി വളപ്പിലുണ്ടായിരുന്ന ബ്രിട്ടീഷ് നിര്‍മിത കുതിരലായം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചുകളഞ്ഞ സംഭവത്തില്‍ തിരൂരങ്ങാടി പോലിസ് അന്വേഷണം നടത്തി ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന് റിപോര്‍ട്ട് കൈമാറി. ജില്ലാ പൈതൃക സംരക്ഷണ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവി തിരൂരങ്ങാടി പോലിസിനോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ബ്രട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുതിരലായം തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ആശുപത്രിക്ക് പാര്‍ക്കിങ്ങുണ്ടാക്കാനാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് തകര്‍ത്തതെന്നും പോലിസ് റിപോര്‍ട്ടിലുണ്ടെന്നാണ് വിവരം. കെട്ടിടം പൊളിക്കുന്നതിന് മുമ്പ് ഒരു വകുപ്പിന്റെയും അനുമതി വാങ്ങിയിട്ടില്ലെന്നും ഇത് ബ്രിട്ടീഷ് നിര്‍മിത കുതിരലായമാണെന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടെന്നും പോലിസ് സൂചന നല്‍കി. ആശുപത്രി അധികൃതര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന പരാതിക്കാരുടെ വാദം പൂര്‍ണമായും അംഗീകരിക്കുന്ന റിപോര്‍ട്ടാണ് തിരൂരങ്ങാടി പോലിസ് ജില്ലാ പോലിസ് സുപ്രണ്ടിന് കൈമാറിയിട്ടുള്ളതെന്നാണ് വിവരം. അതേസമയം, കുതിരലായം പൊളിച്ച് കളഞ്ഞിട്ടില്ലെന്നും പരിസരം വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും കുതിരലായത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ തന്നെയുണ്ടെന്നും പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആശുപത്രി സുപ്രണ്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍, ചരിത്ര ബോധമില്ലാത്തവര്‍ അധികാര സ്ഥാനങ്ങളിലിരുന്നാല്‍ പല ചരിത്ര കെട്ടിടങ്ങളും നാമാവേശേഷമാവുമെന്നും ആശുപത്രി അധികൃതര്‍ക്കെതിരേ കേസെടുക്കണമെന്നും പൈതൃക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it