കുഞ്ഞനന്തന് പരോള്‍ നീട്ടി നല്‍കുന്നതിലൂടെ സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് നിരന്തരം പരോള്‍ നീട്ടി നല്‍കുന്നതിലൂടെ ജനാധിപത്യത്തെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുകയാണ് സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണത്തിന്റെ ബലത്തില്‍ കോടതിവിധിയെ അസ്ഥിരപ്പെടുത്തുകയാണ് സിപിഎം. പരോള്‍ കഴിഞ്ഞിട്ടും പി കെ കുഞ്ഞനന്തനെ ജയിലിലേക്ക് തിരിച്ചുകൊണ്ടുവരില്ലെന്നു പിണറായി സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. പരോള്‍ നല്‍കി 40 ദിവസം കുഞ്ഞനന്തനെ വീട്ടില്‍ താമസിപ്പിച്ച ശേഷം വീണ്ടും അഞ്ചു ദിവസം കൂടി പരോള്‍ നീട്ടി നല്‍കിയിരിക്കുകയാണ്. ഇതിനകം തന്നെ ഒരു വര്‍ഷത്തിലധികം കാലം പി കെ കുഞ്ഞനന്തന്‍ ജയിലിന് വെളിയിലായിരുന്നു. കുഞ്ഞനന്തന് തോന്നുമ്പോഴൊക്കെ ജയിലിന് പുറത്തു പോവാം എന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തിലെ ജയിലുകളില്‍ വര്‍ഷങ്ങളായി പരോള്‍ ലഭിക്കാതെ നിരവധി പേര്‍ കഷ്ടപ്പെടുമ്പോള്‍ ടിപി കേസിലെ പ്രതികള്‍ക്ക് ജയിലിനു പുറത്ത് സുഖവാസവും സുഖചികില്‍സയും ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍. ഇത് നിയമവാഴ്ചയെ തകര്‍ക്കുന്ന നടപടിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതുകൊണ്ട് ഈ നാട്ടില്‍ ആര്‍ക്കെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടെങ്കില്‍ അത് ടി പി കേസിലെ പ്രതികള്‍ക്ക് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it