Flash News

കിം ജോങ് ഉന്‍ അണ്വായുധങ്ങള്‍ സ്വന്തമായുള്ള കിറുക്കനെന്ന് ട്രംപ്‌



വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണവായുധങ്ങളുള്ള കിറുക്കനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍ത്തയുമായി കഴിഞ്ഞ മാസം നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഏപ്രില്‍ 29ന് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഫിലിപ്പീന്‍സ് സര്‍ക്കാരാണ് സംഭാഷണ വിവരങ്ങള്‍ പുറത്തുവിട്ടത്. ആണവായുധങ്ങളുമായി ഒരു കിറുക്കനെ ഇതുപോലെ അഴിച്ചുവിടാന്‍ സാധിക്കില്ലെന്നും തങ്ങളുടെ പക്കല്‍ ഉത്തര കൊറിയയെക്കാള്‍ ആക്രമണ ശേഷിയുള്ള ആയുധങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞതായി ഫിലിപ്പീന്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു. കിം സ്ഥിരബുദ്ധിയുള്ളയാളാണോ അല്ലയോ എന്ന കാര്യങ്ങളാണ് ഇരു നേതാക്കളും സംസാരിച്ചത്. ഉത്തര കൊറിയയുടെ മിസൈലുകള്‍ തകര്‍ന്നുവീഴുന്നത് നല്ല വാര്‍ത്തയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപിന്റെ അഭിപ്രായങ്ങള്‍ ശരിവച്ച ദുതേര്‍ത്ത, കിമ്മിന്റെ മനോനില ശരിയല്ലെന്നും ചിലപ്പോള്‍ അയാള്‍ ഭ്രാന്തനേപ്പോലെയാണ് പെരുമാറുന്നതെന്നും അഭിപ്രായപ്പെട്ടു. ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചാല്‍ അതിനെ ബഹുമതിയായി കാണുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് ഒരുദിവസം മുമ്പാണ് ഫോണ്‍സംഭാഷണം നടന്നത്.
Next Story

RELATED STORIES

Share it