kozhikode local

കാരുണ്യവര്‍ഷമായി സ്‌നേഹപൂര്‍വം കോഴിക്കോട്

കോഴിക്കോട്: “സ്‌നേഹപൂര്‍വം കോഴിക്കോട്” പദ്ധതിയെ ഹൃദയപൂര്‍വം ഏറ്റെടുത്ത് വിജയിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും പദ്ധതിക്ക് പ്രചാരണം നല്‍കിയ പത്ര ദൃശ്യമാധ്യമങ്ങള്‍, ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ച ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍, വോളന്റിയേഴ്‌സായി എത്തിയ കോളജ് വിദ്യാര്‍ഥികള്‍, റവന്യൂവകുപ്പ് ജീവനക്കാര്‍, സ്‌കൂള്‍-കോളജ് അധ്യാപകര്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് ജില്ലാ ഭരണകൂടം നന്ദി അറിയിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് തിരിച്ചെത്തുന്ന കുടുംബങ്ങള്‍ക്ക് ഉണ്ണാനും ഉറങ്ങാനും മറ്റ് പ്രാഥമിക ‘ ആവശ്യങ്ങള്‍ക്കുമായി ഏറ്റവും അത്യാവശ്യമായ വസ്തുക്കള്‍, വില്ലേജ് ഓഫിസുകള്‍ മുഖേന തിരഞ്ഞെടുത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഒരു സ്‌പോണ്‍സര്‍ വഴി അവര്‍ തന്നെ നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് “സ്‌നേഹപൂര്‍വം കോഴിക്കോട്. ഇത്തരത്തില്‍ കുടുബങ്ങളെ സഹായിക്കാന്‍ തയ്യാറായവര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്ററില്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാനും പിന്നീട് വില്ലേജ് ഓഫിസില്‍ നിന്ന് ജില്ലാ ദുരന്ത നിവാരണ കേന്ദ്രം മുഖേന ലഭ്യമാക്കിയ ലിസ്റ്റില്‍ നിന്ന് കുടുംബങ്ങളുടെ വിവരം നല്‍കുകയും സ്‌പോണ്‍സര്‍മാര്‍ അവര്‍ക്ക് ഈ സഹായം നല്‍കുകയും ചെയ്യാനും സൗകര്യമൊരുക്കി. ഇത്തരം സാധനങ്ങള്‍ ഭാഗികമായി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇവ സ്വീകരിക്കാനും സൗകര്യമൊരുക്കി.500 കുടുംബങ്ങള്‍ക്കെങ്കിലും ഈ പദ്ധതി വഴി സഹായം എത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇത് അവസാനിപ്പിക്കുമ്പോള്‍ 186 സ്‌പോണ്‍സര്‍മാര്‍ മുഖേന 866 കുടുംബങ്ങള്‍ക്ക് ഒരു സ്‌നേഹോപഹാരമെന്ന നിലയിലുള്ള കൈത്താങ്ങ് നല്‍കാനായി. ഇത്തരത്തിലുള്ള സഹായം ആവശ്യമുള്ളവര്‍ ഏറെയുള്ളതും പ്രളയാനന്തര സഹായം നല്‍കുന്നവരില്‍ ചിലരെങ്കിലും അത് നേരിട്ട് എത്തിക്കാന്‍ താല്‍പര്യപ്പെട്ടതുമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ യു വി ജോസിനെ പ്രേരിപ്പിച്ചത്. ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിലും കലക്ടറുടെ അറിയിപ്പുകള്‍ നല്‍കുന്നതിന് വേണ്ടി രൂപം നല്‍കിയ “ഔട്ട് ബോക്‌സ്” എന്ന ഗ്രൂപ്പ് വഴിയുമാണ് ആഗസ്റ്റ് 24ന് സ്‌നേഹപൂര്‍വം കോഴിക്കോട് പദ്ധതി പ്രഖ്യാപിച്ചത്. ആഗസ്ത് 27ന് എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പദ്ധതിയില്‍ ആദ്യം തിരഞ്ഞെടുത്ത വേങ്ങേരി വില്ലേജില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വ്യക്തികള്‍ മാത്രമല്ല നിരവധി സംഘടനകളും കൂട്ടായ്മകളും ഹോസ്പിറ്റലുകള്‍, ബിസിനസ്സ് ഗ്രൂപ്പുകളും രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ പോലും പദ്ധതിയില്‍ സ്‌പോണ്‍സര്‍മാരായി എത്തി. ഗള്‍ഫില്‍ നിന്നും മറ്റും രാത്രിയില്‍ വൈകി വന്ന വിളികള്‍ക്ക് ചെവികൊടുത്ത് സെന്ററില്‍ വോളന്റിയേഴ്‌സുണ്ടായിരുന്നു. കുന്ദമംഗലം യുപി സ്‌കൂള്‍ അധ്യാപകനും സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയില്‍ വിഭാവനം ചെയ്ത ശുചിത്വ സാക്ഷരത പദ്ധതിയുടെ കോര്‍ഡിനേറ്ററുമായ യു പി ഏകനാഥനോടൊപ്പം ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി പ്രകാശ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എന്‍ സിജേഷ് എന്നിവരും സെന്ററിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ജില്ലാ ശുചിത്വമിഷന്‍ ഐടി മിഷന്‍, ജില്ലാ അക്ഷയ കേന്ദ്രം, ഹരിത കേരളം മിഷന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പിആര്‍ഡി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഹെല്‍പ്പ് ലൈനിന് ആവശ്യമായ പിന്തുണ നല്‍കി. ഗ്രീന്‍ എന്‍വറോണ്‍ സംഘടനയുടെ പ്രമോദ് മണ്ണടത്ത്, ശുചിത്വമിഷന്‍ റിസോഴ്‌സ് പേര്‍സണ്‍ എ രാജേഷ്, പോള്‍ കെ ജെ, വാസുദേവന്‍ ഒ പി, ഇ പി രത്‌നാകരന്‍, ദ്വിബു ചന്ദ്രന്‍ എന്നിവര്‍ വൊളണ്ടിയേര്‍സിന് സഹായം നല്‍കി. ഔട്ട് ബോക്‌സ് വാട്ട്‌സ്ആപ്പ്ഗ്രൂപ്പിലൂടെ പദ്ധതിക്ക് പ്രചരണം നടത്തിയ അം ഓഫ് ജോയ് എന്ന സംഘടനയുടെ അനൂപ് ഗംഗാധരനും പദ്ധതിയുടെ പ്രചാരണത്തിന് വലിയ പങ്കാണ് വഹിച്ചത്. ഗവ. ലോ കോളജ്, പ്രൊവിഡന്‍സ് കോളജ്, ഹോളിക്രോസ് കോളജ്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ്, ദേവകിയമ്മ കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍, രാജഗിരി സ്‌കൂള്‍ ഓഫ് ടെക്‌നോളജി, എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, മലാപ്പറമ്പ് എച്ച് ആന്റ് എഫ്ഡബ്ല്യുടിസി തുടങ്ങി വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വെക്കേഷന് നാട്ടില്‍ എത്തിയ വിദ്യാര്‍ഥികള്‍, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവരാണ് വളണ്ടിയേഴ്‌സായി പ്രവര്‍ത്തിച്ചത്.



Next Story

RELATED STORIES

Share it